‘മാൽക്കം ഇൻ ദി മിഡിൽ’, ‘ഏജന്റ് കോഡി ബാങ്ക്സ്’, ‘ബിഗ് ഫാറ്റ് ലയർ’ എന്നീ അമേരിക്കൻ ചിത്രങ്ങളിലെ താരമായ ഫ്രാങ്കി മുനിസ് യേശുക്രിസ്തുവിലുള്ള തന്റെ വിശ്വാസം പ്രഖ്യാപിച്ചപ്പോൾ ആയിരക്കണക്കിന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അത് ആഘോഷിച്ചു. നടനും NASCAR ഡ്രൈവറുമായ അദ്ദേഹം എക്സ് അക്കൗണ്ട് വഴിയാണ് തന്റെ വിശ്വാസം പങ്കുവച്ചത്.

“യേശുക്രിസ്തുവിനു വേണ്ടിയാണ് ഞാൻ ജീവിക്കുന്നതെന്നു പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ആരൊക്കെയാണ് എന്റെ കൂടെയുള്ളത്?” അദ്ദേഹം എഴുതി. രണ്ടുദശലക്ഷത്തിലധികം എക്സ് ഉപയോക്താക്കളാണ് അദ്ദേഹത്തിന്റെ പോസ്റ്റ് കണ്ടത്. അതിനുശേഷം ഒരു സ്വകാര്യചാനൽ നടത്തിയ അഭിമുഖത്തിലും അദ്ദേഹം പ്രതികരിച്ചു.

ആറുവർഷം മുൻപ് സുദീർഘമായ ഒരു ഡ്രൈവിങിനിടയിൽ ക്രിസ്തീയഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്ന കെ-ലവ് എന്ന റേഡിയോയുടെ മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് ആദ്യമായി മുനിസ് ദൈവത്തിന്റെ സ്നേഹം മനസ്സിലാക്കിയത്. “അതിനുശേഷം ഞാൻ ആ റേഡിയോ സ്റ്റേഷൻ ഓഫ് ചെയ്തിട്ടില്ല” – അദ്ദേഹം പറഞ്ഞു. “എല്ലാ ഞായറാഴ്ചയും ഞാൻ പള്ളിയിൽ പോകാൻ തുടങ്ങി. എന്റെ വിശ്വാസത്തിൽ കൂടുതൽ ഇടപഴകാൻ തുടങ്ങി. ആ യാത്ര കാരണം അത് തീർച്ചയായും എന്റെ ജീവിതത്തിന്റെ ഒരു വലിയ ഭാഗമായി മാറി” – അദ്ദേഹം കൂട്ടിച്ചേത്തു.

ക്രിസ്ത്യൻ കലാകാരന്മാരായ ബ്രാൻഡൻ ലേക്ക്, ഫിൽ വിക്കാം, ആൻഡ്രൂ റിപ്പ് എന്നിവരെ കേൾക്കുന്നത് തനിക്ക് ഇഷ്ടമാണെന്നും മുനിസ് പറയുന്നു. ക്രിസ്ത്യൻ സംഗീതം കേൾക്കുന്നത് സമ്മർദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാൻ സഹായിക്കുകയും നമ്മെ ശരിയായ മാനസികാവസ്ഥയിൽ എത്തിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. “എനിക്ക് ഇതെല്ലാം വളരെ ഇഷ്ടമാണ്. ഇത് എനിക്ക് സന്തോഷം നൽകുന്നു” – അദ്ദേഹം പറഞ്ഞു.