അമിതമായ ഇന്റർനെറ്റ് ഉപയോഗത്തിന്റെ അനന്തരഫലമായുണ്ടാകുന്ന ചൂതാട്ടം, വാതുവയ്പ്പ്, അശ്ലീലസാഹിത്യം തുടങ്ങിയ ആസക്തികളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ലെയോ പതിനാലാമൻ മാർപാപ്പ. ഇറ്റലിയിലെ മന്ത്രിമാരുടെ സമിതിയുടെ ആഭിമുഖ്യത്തിൽ റോമിൽ സംഘടിപ്പിച്ച, ആസക്തികളെക്കുറിച്ചുള്ള ഏഴാമത് ദേശീയസമ്മേളനത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു വീഡിയോ സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് ഈ മുന്നറിയിപ്പ് നൽകിയത്.

നവംബർ ഏഴിനു നൽകിയ സന്ദേശത്തിൽ, സമീപകാലത്ത് ഏറ്റവും വ്യാപകമായി തുടരുന്ന മയക്കുമരുന്ന്, മദ്യം തുടങ്ങിയ ആസക്തികൾ കൂടാതെ ഇന്റർനെറ്റ്, കമ്പ്യൂട്ടറുകൾ, സ്മാർട്ട്‌ഫോണുകൾ എന്നിവയുടെ വർധിച്ചുവരുന്ന ഉപയോഗം നല്ല കാര്യങ്ങൾക്കായി മാത്രമല്ല, അമിതമായ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പരിശുദ്ധ പിതാവ് പറഞ്ഞു. “ഈ ആസക്തികൾ നിർബന്ധിത ചൂതാട്ടം, വാതുവയ്പ്പ്, അശ്ലീലം, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ മിക്കവാറും സ്ഥിരമായ സാന്നിധ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു” – പാപ്പ വിശദീകരിച്ചു. ഈ പ്രതിഭാസം കൗമാരക്കാരിലും യുവാക്കളിലും ഉണ്ടാകുന്ന തകർച്ചയുടെ ലക്ഷണമാണെന്നും മാർപാപ്പ വ്യക്തമാക്കി.

ഇക്കാരണത്താൽ, “യുവതലമുറയിൽ ആത്മീയവും ധാർമ്മികവുമായ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും അതുവഴി അവർ ഉത്തരവാദിത്വത്തോടെ പെരുമാറുന്നതിനും ലക്ഷ്യമിട്ടുള്ള മാതാപിതാക്കളുടെയും സ്കൂളുകൾ, ഇടവകകൾ, പ്രസംഗശാലകൾ തുടങ്ങിയ വിവിധ വിദ്യാഭ്യാസ ഏജൻസികളുടെയും ശ്രമങ്ങളെ വിലമതിക്കാനും പ്രോത്സാഹിപ്പിക്കാനും” പരിശുദ്ധ പിതാവ് എല്ലാവരോടും അഭ്യർഥിച്ചു.