രാജ്യത്ത് യു.എസ്-ഇസ്രായേല്‍ വ്യോമാക്രമണങ്ങളും കരസേനാ അധിനിവേശവും ഉണ്ടായേക്കുമെന്ന കടുത്ത ആശങ്കയില്‍ പൗരന്മാര്‍ക്ക് ആയുധ പരിശീലനം നല്‍കി ഇറാന്‍ ഭരണകൂടം. ഇതിന്റെ ഭാഗമായി ടെഹ്‌റാനില്‍ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ തോക്ക് കിയോസ്‌കുകള്‍ പ്രത്യക്ഷപ്പെടുകയും പൗരന്മാര്‍ക്ക് അടിസ്ഥാന ആയുധ പരിശീലനം നല്‍കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാജ്യത്തെ ഔദ്യോഗിക ടെലിവിഷന്‍ ചാനലുകള്‍ വഴിയും പൗരന്മാര്‍ക്കായി റൈഫിള്‍ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന പ്രത്യേക പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.
ലൈവ് ടിവിയിലെ വെടിവെപ്പ്
ഇറാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ‘ഓഫോഗ്’ ചാനലില്‍ നടന്ന തത്സമയ ചര്‍ച്ചയ്ക്കിടയില്‍ വാര്‍ത്താ അവതാരകനായ ഹുസൈന്‍ ഹുസൈനി സ്റ്റുഡിയോയുടെ മേല്‍ക്കൂരയിലേക്ക് എകെ-47 റൈഫിള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ (IRGC) മുഖംമൂടി ധരിച്ച ഒരു ഉദ്യോഗസ്ഥനില്‍ നിന്ന് തത്സമയം ആയുധ പരിശീലനം നേടുന്നതിനിടയിലാണ് അവതാരകന്‍ സ്റ്റുഡിയോയ്ക്കുള്ളില്‍ വെടിവെച്ചത്.
സമാനമായ രീതിയില്‍ ‘ചാനല്‍ 3’ അവതാരകയായ മൊബിന നാസിരിയും കയ്യില്‍ അസോള്‍ട്ട് റൈഫിളുമായി ലൈവ് ടിവിയില്‍ പ്രത്യക്ഷപ്പെട്ടു. വനാക് സ്‌ക്വയറില്‍ നിന്നും തനിക്ക് ലഭിച്ച ആയുധമാണിതെന്നും മറ്റുള്ളവരെപ്പോലെ താനും ഇത് ഉപയോഗിക്കാന്‍ പഠിക്കുകയാണെന്നും വ്യക്തമാക്കിയ അവര്‍, രാജ്യത്തിനായി ജീവന്‍ ബലിനല്‍കാന്‍ തയ്യാറാണെന്നും പ്രഖ്യാപിച്ചു.
അല്‍ ജസീറയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇറാന്റെ വിവിധ നഗരങ്ങളിലെ പള്ളികള്‍ കേന്ദ്രീകരിച്ചാണ് സാധാരണക്കാര്‍ക്കായി ലഘു ആയുധങ്ങളുടെ പ്രതിരോധ പരിശീലന സെഷനുകള്‍ സംഘടിപ്പിക്കുന്നത്. രാജ്യത്തെ സംരക്ഷിക്കാനുള്ള പൊതു സന്നദ്ധതയുടെ ഭാഗമായാണ് ഈ നടപടികളെന്നാണ് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ വ്യക്തമാക്കുന്നത്.
യുദ്ധ ഭീതിയില്‍ പശ്ചിമേഷ്യ: യു.എസ് പ്രതിരോധ വകുപ്പ് ഇറാനില്‍ വീണ്ടും വ്യോമാക്രമണം നടത്തുന്നതിനുള്ള തീവ്രമായ തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്ന ‘ന്യൂയോര്‍ക്ക് ടൈംസി’ന്റെ വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ പ്രതിരോധ നീക്കങ്ങള്‍.
ഇറാന് നല്‍കിയ സമയം അതിവേഗം അവസാനിക്കുകയാണെന്നും ഉടന്‍ തന്നെ സമാധാന കരാറിലെത്തിയില്ലെങ്കില്‍ അവശേഷിക്കാന്‍ ഒന്നും ഉണ്ടാകില്ലെന്നുമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പാണ് നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയിരിക്കുന്നത്.



