ഇറാൻ-ഇസ്രായേല്‍ യുദ്ധം 27-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാന് കടുത്ത അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. ഇറാൻ തോൽവി സമ്മതിക്കണമെന്നും അല്ലാത്തപക്ഷം ഇതിനോടകം നേരിട്ടതിനേക്കാൾ കനത്ത പ്രഹരം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ നേതാക്കൾ കരാറിന് ആഗ്രഹിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതികാരം ഭയന്നാണ് അവർ പുറത്തുപറയാത്തതെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആരോപിച്ചു. എന്നാൽ, അമേരിക്കയുടെ സമാധാന പദ്ധതിയെ യുക്തിരഹിതം എന്ന് വിശേഷിപ്പിച്ച ഇറാൻ, തങ്ങളുടെ പ്രതിരോധം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇറാന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്കൻ-ഇസ്രായേല്‍ വ്യോമസേനകൾ ആക്രമണം ശക്തമാക്കി. തെക്കൻ ഇറാന്റെ ഭാഗമായ ഷിറാസിലെ കഫ്രി ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ ഇല്യ, അമീർ ഹുസൈൻ ഷറഫി എന്നീ രണ്ട് കൗമാരക്കാർ കൊല്ലപ്പെട്ടതായി ഇർന വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതുവരെ ആക്രമണം നടക്കാതിരുന്ന വിശുദ്ധ നഗരമായ മഷ്ഹദ്, അഫ്ഗാൻ അതിർത്തിക്കടുത്തുള്ള തായ്ബാദ് എന്നിവിടങ്ങളിലേക്കും ആക്രമണം വ്യാപിച്ചു. ഇതിനിടെ, ബുഷെർ ആണവനിലയത്തിന് സമീപം രണ്ടാമതും മിസൈൽ പതിച്ചതിനെത്തുടർന്ന് റഷ്യ തങ്ങളുടെ കൂടുതൽ ജീവനക്കാരെ അവിടെനിന്ന് ഒഴിപ്പിച്ചു. യുഎസ്-ഇസ്രായേല്‍ നീക്കം ആണവ ദുരന്തത്തിന് വഴിയൊരുക്കുമെന്ന് മോസ്കോ കുറ്റപ്പെടുത്തി.

സമാധാന ചർച്ചകൾ ഏകോപിപ്പിക്കാൻ ഐക്യരാഷ്ട്രസഭ പ്രത്യേക ദൂതനായി മുതിർന്ന ഫ്രഞ്ച് നയതന്ത്രജ്ഞൻ ജീൻ അർനോൾട്ടിനെ നിയമിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഈജിപ്ത്, തുർക്കി വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി. അമേരിക്കയും ഇറാനും കരാറിലെത്താൻ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ടെന്നും സമാധാനത്തിന്റെ മിന്നലാട്ടങ്ങൾ കാണുന്നുണ്ടെന്നും വാങ് യീ പറഞ്ഞു. അതേസമയം, ഇറാനിൽ നിന്നുള്ള സന്ദർശകർക്ക് ഓസ്‌ട്രേലിയ ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തി. 61,000-ഓളം താൽക്കാലിക വിസ ഉടമകളെ ഈ തീരുമാനം ബാധിക്കുമെന്നാണ് കരുതുന്നത്. ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് ഈ യുദ്ധത്തെ ലോക സമ്പദ്‌വ്യവസ്ഥയുടെ ദുരന്തമെന്ന് വിശേഷിപ്പിച്ചു.