ബ്രിട്ടീഷ് നിർമ്മിത F-35B യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ സംഭവത്തിൽ, വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കുന്നതിനായി 40 അംഗ വിദഗ്ധ സംഘം ശനിയാഴ്ച തിരുവനന്തപുരത്തെത്തും. ഗുരുതരമായ തകരാറുകൾ കാരണം വിമാനം എയർലിഫ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്നാണ് സൂചന. ഇതിനായുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.
വിമാനം നിർത്തിയിട്ടിരിക്കുന്ന സ്ഥലത്ത് വെച്ച് തന്നെ തകരാർ പരിഹരിക്കാനാണ് ആദ്യ ശ്രമം. അത് സാധ്യമായില്ലെങ്കിൽ വിമാനം എയർ ഇന്ത്യയുടെ ഹാങ്ങറിലേക്ക് വലിച്ചു മാറ്റും. അതിനുശേഷം എയർലിഫ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കും. തകരാർ പരിഹരിക്കാൻ കഴിയില്ലെന്ന് ഉറപ്പായാൽ, ഭീമാകാരമായ ചരക്ക് വിമാനമായ C-17 ഗ്ലോബ്മാസ്റ്റർ ഉപയോഗിച്ച് F-35B എയർലിഫ്റ്റ് ചെയ്യാനാണ് നീക്കം.
ഗ്ലോബ്മാസ്റ്ററിൽ കയറ്റുന്നതിനായി F-35B വിമാനത്തിന്റെ ചിറകുകൾ അഴിച്ചുമാറ്റേണ്ടി വരും. 14 മീറ്റർ നീളവും 11 മീറ്റർ ചിറകുവിസ്താരവുമുള്ള ഈ വിമാനത്തിന്റെ ഭാഗങ്ങൾ അഴിച്ചുമാറ്റാൻ വിമാന നിർമ്മാണ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ പരിശീലിപ്പിച്ച എൻജിനീയർമാർക്ക് മാത്രമേ സാധിക്കൂ. ഈ പ്രക്രിയ ബ്രിട്ടീഷ് സൈന്യത്തിന്റെ നിരീക്ഷണത്തിലായിരിക്കും നടക്കുക, കൂടാതെ ഇത് റെക്കോർഡ് ചെയ്യുകയും ചെയ്യും.
F-35 വിമാനങ്ങൾ ഇത്തരത്തിൽ എയർലിഫ്റ്റ് ചെയ്യുന്നത് ആദ്യമായല്ല. 2019-ൽ അമേരിക്കയിലെ എഗ്ലിൻ എയർഫോഴ്‌സ് ബേസിൽ നിന്ന് ഒരു F-35 ലൈറ്റ്‌നിംഗ് II വിമാനം C-17 ഗ്ലോബ്മാസ്റ്റർ ഉപയോഗിച്ച് യൂട്ടായിലെ ഹിൽ എയർഫോഴ്‌സ് ബേസിലേക്ക് മാറ്റിയിരുന്നു. 2025-ൽ ദക്ഷിണ കൊറിയയിൽ ഒരു F-35A വിമാനം റോഡ് മാർഗം മാറ്റുന്നതിനും ചിറകുകൾ നീക്കം ചെയ്തിരുന്നു.
അമേരിക്കൻ നിർമ്മിത F-35B സ്റ്റെൽത്ത് ഫൈറ്റർ വിമാനമാണ് ബ്രിട്ടീഷ് നാവികസേന ഉപയോഗിക്കുന്നത്. 50,000 അടിവരെ ഉയരത്തിൽ 8100 കിലോ ആയുധങ്ങളുമായി മണിക്കൂറിൽ 1200 മൈൽ വേഗതയിൽ റഡാറുകളുടെ കണ്ണിൽപ്പെടാതെ പറക്കുമെന്നാണ് അമേരിക്കയുടെ അവകാശവാദം. എന്നാൽ, തിരുവനന്തപുരത്തെ ഇന്റഗ്രേറ്റഡ് എയർകമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റം ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച ഉടൻ തന്നെ F-35 വിമാനത്തെ കണ്ടെത്തുകയായിരുന്നു.
വിമാനത്തിന്റെ സാങ്കേതികവിദ്യ അമേരിക്ക മറ്റ് രാജ്യങ്ങൾക്ക് കൈമാറാത്തതാണ് അറ്റകുറ്റപ്പണിക്ക് കാലതാമസമുണ്ടാക്കിയത്. വിമാനം തിരുവനന്തപുരത്ത് സൂക്ഷിച്ചതിനും സംരക്ഷിച്ചതിനും ആവശ്യമായ ഫീസ് പൂർണ്ണമായും അടച്ചതിന് ശേഷമായിരിക്കും ബ്രിട്ടൻ വിമാനം കൊണ്ടുപോകുക.