മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടം സന്ദർശിച്ച കോട്ടയം എംഎൽഎ ചാണ്ടി ഉമ്മൻ, സർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തി. വിദ്യാർത്ഥികളുടെ സുരക്ഷ സർക്കാർ ഉറപ്പാക്കണമെന്നും ഇത് അവരുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ഹോസ്റ്റൽ കെട്ടിടത്തിന്റെ ഫിറ്റ്നസ് സർക്കാർ സ്വന്തം ചെലവിൽ പരിശോധിച്ച് ഉറപ്പാക്കണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

ഹോസ്റ്റലിലെ ശുചിമുറികൾ വൃത്തിഹീനമാണെന്നും ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള കെട്ടിടം സർക്കാർ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘സാധാരണക്കാരന്റെ മക്കൾക്ക് ഇത്ര മതിയെന്നാണ് സർക്കാർ കരുതുന്നതെങ്കിൽ അത് തെറ്റാണ്. എന്തെങ്കിലും വലിയ ദുരന്തം ഉണ്ടാവാൻ കാത്തിരിക്കുകയാണോ സർക്കാർ?’ എന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

ഏകദേശം 60 വർഷം പഴക്കമുള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടമാണ് ഇപ്പോൾ ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലുള്ളത്. ഹോസ്റ്റലിലെ പല മുറികളും ചോർന്നൊലിക്കുന്നുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കുട്ടികൾ ഇവിടെ താമസിക്കുന്നത്.

കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിലെ പഴയൊരു കെട്ടിടം തകർന്നുവീണതോടെ ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർത്ഥികളുടെ ഭീതി വർധിച്ചിരിക്കുകയാണ്. കെട്ടിടത്തിന്റെ സിമൻ്റ് പാളികൾ മുറികൾക്കുള്ളിലേക്ക് അടർന്നു വീഴുന്നത് പതിവാണ്. പലപ്പോഴും ഭാഗ്യംകൊണ്ടു മാത്രമാണ് സിമന്റ് പാളികൾ വിദ്യാർത്ഥികളുടെ ദേഹത്ത് വീഴാതെ രക്ഷപ്പെടുന്നതെന്ന് അവർ പറയുന്നു. സ്വിച്ച് ബോർഡുകളിൽ നിന്ന് വൈദ്യുതി ആഘാതം ഉണ്ടാകുന്നതായും പല ടോയ്‌ലറ്റുകളും പൊളിഞ്ഞ നിലയിലാണെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് അധികൃതർക്ക് പലതവണ കത്ത് നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും കെട്ടിടം ഏതു നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണെന്നും അവർ കൂട്ടിച്ചേർത്തു.