രാജ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നതായി സിബിഐ കണ്ടെത്തി. നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) അഴിമതിക്കേസിലാണ് നിർണായക കണ്ടെത്തൽ. ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും എൻഎംസിയിലെ ഉന്നതരും ഉൾപ്പെടെ 34 പേർക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്. ഇതുവരെ എട്ട് പേർ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി.

മെഡിക്കൽ കോളേജുകളിലെ സീറ്റുകൾ അനുവദിക്കുന്നത്, പുതിയ ബാച്ചുകൾക്ക് അംഗീകാരം നൽകുന്നത്, നിലവിലുള്ള കോളേജുകളുടെ അംഗീകാരം പുതുക്കുന്നതിനുള്ള പരിശോധനകൾ എന്നിവയിലെല്ലാം വ്യാപകമായ തട്ടിപ്പുകൾ നടന്നതായി സിബിഐ അന്വേഷണത്തിൽ തെളിഞ്ഞു. അംഗീകാരം നേടുന്നതിനായി വ്യാജ രോഗികളെയും ഡോക്ടർമാരെയും വരെ ഹാജരാക്കി എന്നാണ് കണ്ടെത്തൽ. ഈ തട്ടിപ്പുകളിലൂടെ കോഴ നൽകി പല കോളേജുകളും അംഗീകാരം നേടിയെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാജ്യത്തുടനീളം 40 സ്ഥലങ്ങളിൽ സിബിഐ വ്യാപക പരിശോധന നടത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ടിസ് ചാൻസലർ ഡിപി സിംഗ് ഉൾപ്പെടെയുള്ളവർ പ്രതിചേർക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്.