കോഴിക്കോട്: കുടുംബം നോമ്പ് തുറക്കാനായി പോയ സമയത്ത് വീട്ടില്‍ മോഷണം. കോഴിക്കോട് പയ്യോളി അയനിക്കാടാണ് സംഭവം. കുറ്റിയില്‍പ്പീടികക്ക് സമീപം താമസിക്കുന്ന ‘റഫ’യില്‍ വഹാബിന്റെ വീട്ടിലാണ് മോഷണം നടന്നത്. വൈകീട്ട് 6.30നും 7.30നും ഇടയിലാണ് മോഷണം നടന്നത്. വഹാബും കുടുംബവും നോമ്പ് തുറക്കാനായി മൂരാടുള്ള ബന്ധുവിന്റെ വീട്ടില്‍ പോയതായിരുന്നു. ഈ സമയത്താണ് മോഷ്ടാവ് എത്തിയതെന്ന് കരുതുന്നു. രാത്രി 7.30ഓടെ കുടുംബാംഗങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി. അപ്പോഴാണ് മോഷണ നടന്നതായി മനസ്സിലായത്. അടുക്കള വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. ഇതുവഴി അകത്തു കടന്ന മോഷ്ടാവ് മറ്റ് വാതിലുകളും പൂട്ടുകളും തകര്‍ത്തിട്ടുണ്ട്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മുക്കാല്‍ പവനോളം തൂക്കം വരുന്ന സ്വര്‍ണ ലോക്കറ്റാണ് കവര്‍ന്നത്. പയ്യോളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.