ഒരിടവേളയ്ക്ക് ശേഷം ദേശീയ തലസ്ഥാനത്തേക്ക് വീണ്ടും ‘ഡൽഹി ചലോ’ കാൽനട മാർച്ച് ആരംഭിച്ച് കർഷകർ. നൂറോളം കർഷകർ ശംഭു അതിർത്തിയിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. കർഷക സംഘടനാ നേതാക്കളായ സർവാൻ സിംഗ് പന്ദേർ, ജഗ്ജിത് സിംഗ് ദല്ലെവാൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച്. 

മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഉറപ്പ്, ലഖിംപൂർ ഖേരി അക്രമത്തിൻ്റെ ഇരകൾക്ക് നീതി എന്നിവ ഉൾപ്പെടെ 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകരുടെ പ്രതിഷേധം. 

കഴിഞ്ഞ എട്ട് മാസമായി ഞങ്ങൾ ഇവിടെ ഇരിക്കുകയാണ്. കാൽനടയായി ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. ഖാപ് പഞ്ചായത്തുകളിൽ നിന്നും വ്യാപാരി സമൂഹത്തിലെ അംഗങ്ങളിൽ നിന്നും ഈ പ്രസ്ഥാനത്തിന് പിന്തുണ ലഭിച്ചിട്ടുണ്ടെന്നും തീരുമാനം വിശദീകരിച്ച് പന്ദർ പറഞ്ഞു.