സ്വന്തം പാസ്പോർട്ടിൽ വിവിധ രാജ്യങ്ങളുടെ സ്റ്റാമ്പുകൾ പതിയുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണ് പല സഞ്ചാരികളും. പാസ്പോർട്ട് പേജുകൾ നിറയെ വിവിധ നിറത്തിലും രൂപത്തിലുമുള്ള സ്റ്റാമ്പുകൾ പതിപ്പിക്കാനാണ് ഇവരുടെ ആഗ്രഹം. അത്തരക്കാർ തീർച്ചയായും ശ്രദ്ധിക്കേണ്ട വാർത്തയാണ് ഇപ്പോൾ യൂറോപ്പിൽ നിന്ന് പുറത്തുവരുന്നത്. പാസ്പോർട്ടുകളിൽ സ്റ്റാമ്പ് പതിപ്പിക്കുന്ന രീതി നവംബർ പത്തോടെ യൂറോപ്യൻ യൂണിയൻ അവസാനിപ്പിക്കുകയാണ്.

അതായത് നിങ്ങളുടെ പാസ്പോർട്ടിൽ യൂറോപ്യൻ യൂണിയന്റെ സ്റ്റാമ്പ് പതിപ്പിക്കണം എന്നാഗ്രഹമുണ്ടെങ്കിൽ നിങ്ങൾ നവംബർ പത്തിനു മുൻപ് ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചിരിക്കണം. അല്ലെങ്കിൽ യൂറോപ്യൻ സ്റ്റാമ്പ് ഇനിയൊരിക്കലും നിങ്ങളുടെ പാസ്പോർട്ടിൽ പതിയില്ല. ഈ രീതി നിർത്തി പകരം ഡിജിറ്റൽ സംവിധാനം ഒരുക്കാനാണ് യൂണിയന്റെ തീരുമാനം. 

പുതിയ എൻട്രി എക്സിറ്റ് സിസ്റ്റം (EES) സംവിധാനമാണ് സ്റ്റാമ്പുകൾക്ക് പകരക്കാനാവുക. എമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാനും സുരക്ഷ വർധിപ്പിക്കാനും വേണ്ടിയാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത്. നിലവിലെ സംവിധാനം ഏറെ അധ്വാനം വേണ്ടതും എന്നാൽ കൃത്യമായ വിവരശേഖരണത്തിനും ട്രാക്കിങ്ങിനും സഹായിക്കാത്തതുമാണെന്നുമാണ് യൂണിയന്റെ അഭിപ്രായം. പുതിയ സംവിധാനത്തിലെ ബയോമെട്രിക്ക് ഡാറ്റയിലൂടെ യാത്രക്കാരെ കൃത്യമായി ട്രാക്ക് ചെയ്യാനും സുരക്ഷ വർധിപ്പിക്കാനും സാധിക്കും. യാത്രക്കാരുടെയും ജീവനക്കാരുടെയും ബുദ്ധിമുട്ടുകളും കുറയും.

2022 മുതൽ തന്നെ EES നടപ്പിലാക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാൽ വൈകുകയായിരുന്നു. എന്നാൽ ഒറ്റയടിക്ക് പുതിയ സംവിധാനത്തിലേക്ക് മാറുന്നത് വിജയിക്കുമോ എന്ന ആശങ്ക അധികൃതർക്കുണ്ട്. അതോടൊപ്പം പരമ്പരാഗത സ്റ്റാമ്പ് സംവിധാനം മാറ്റുന്നത് ഒരു വിഭാഗം സഞ്ചാരികളെയും നിരാശരാക്കിയിട്ടുണ്ട്. എന്നിൽ നിരന്തരം യൂറോപ്യൻ യാത്ര നടത്തേണ്ടി വരുന്ന ബിസിനസുകാർ ഉൾപ്പടെയുള്ളവർ ഇതിനെ സ്വാഗതം ചെയ്യുകയാണ്. വിമാനത്താവളങ്ങളിലെയും അതിർത്തികളിലെയും കാലതാമസങ്ങൾ ഒഴിവാകുമെന്നുള്ളതാണ് ഇവരെ ആകർഷിക്കുന്ന ഘടകം.