കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമാ സുൽത്താന തന്നെ ഫോണിൽ വിളിച്ചിട്ടുണ്ടെന്നും എന്നാൽ താൻ ആരിൽ നിന്നും കഞ്ചാവ് വാങ്ങുകയോ വിൽക്കുകയോ ചെയ്തിട്ടില്ലെന്നും നടൻ ശ്രീനാഥ് ഭാസി. ക്രിസ്റ്റീന എന്ന പേരിലാണ് തന്നെ വിളിച്ചത്. എന്നാൽ തനിക്ക് ഇവരുമായി യാതൊരുബന്ധവും ഇല്ലെന്നും ശ്രീനാഥ് ഭാസി പറയുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തേക്കുമെന്ന് ഭയന്ന് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് നടൻ ഇക്കാര്യങ്ങൾ വാദിച്ചത്.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതിയായ തസ്ലിമാ സുൽത്താന തന്നെ വിളിച്ചിരുന്നു. ക്രിസ്റ്റീന എന്ന പേരിൽ ആരാധികയാണെന്ന് പറഞ്ഞാണ് വിളിച്ചത്. എന്നാൽ സംഭാഷണത്തിനിടയിൽ കഞ്ചാവ് വേണോയെന്ന് ചോദിച്ചു. കളിയാക്കുന്നതാണെന്ന് കരുതി കോൾ കട്ട് ചെയ്യുകയായിരുന്നുവെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.
പ്രതിക്ക് ചാറ്റ് വഴി യാതൊരു മറുപടിയും നൽകിയിട്ടില്ല. താൻ അറിയപ്പെടുന്നൊരു സിനിമ നടനാണ്. അതുകൊണ്ട് തന്നെ ആരിൽ നിന്നും കഞ്ചാവ് വാങ്ങുകയോ വിൽക്കുകയോ ചെയ്തിട്ടില്ലെന്നും ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ അവകാശപ്പെടുന്നു.
രണ്ടുകോടിരൂപ വിലയുള്ള മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായാണ് കണ്ണൂർ സ്വദേശിനി തസ്ലിമാ സുൽത്താന (ക്രിസ്റ്റീന)യെയും ആലപ്പുഴ സ്വദേശി കെ. ഫിറോസിനെയും എക്സൈസ് പ്രത്യേകസംഘം അറസ്റ്റുചെയ്തത്. സിനിമ, ടൂറിസം മേഖലയിലുള്ളവർക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇവർ മൊഴി നൽകിയിരുന്നു. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ തുടങ്ങിയ താരങ്ങളുടെ പേര് തസ്ലിമ വെളിപ്പെടുത്തിരുന്നു.
കൂടുതൽ തെളിവ് ശേഖരണത്തിന് ശേഷം മാത്രമേ നടന്മാരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കൂവെന്ന് എക്സൈസ് സംഘം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തേക്കുമെന്ന് ഭയന്ന് ശ്രീനാഥ്ഭാസി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ശ്രീനാഥ് ഭാസിയുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച തന്നെ പരിഗണിക്കും. ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമാ സുൽത്താനയേയും സഹായി കെ. ഫിറോസിനേയും റിമാൻഡുചെയ്തിരുന്നു.



