തൃശ്ശൂര്‍: മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി.ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. തന്റെ ആത്മകഥയില്‍ ശോഭാ സുരേന്ദ്രനെതിരെ ജയരാജന്‍ ആരോപണം ഉന്നയിച്ചിരുന്നു. തന്റെ മകനെ ബി ജെ പി സ്ഥാനാര്‍ത്ഥിയാക്കാന്‍ ശോഭാ സുരേന്ദ്രന്‍ ശ്രമം നടത്തിയെന്നായിരുന്നു ആത്മകഥയില്‍ പറഞ്ഞത്. എറണാകുളത്ത് വെച്ച് മകനെ പരിചയപ്പെട്ട് ഫോണ്‍ നമ്പര്‍ വാങ്ങി, നിരന്തരം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നും ഇ പി ജയരാജന്‍ പറയുന്നു. ഇ പി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തത്.

എന്നാല്‍ കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നതെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കും അവര്‍ മറുപടി നല്‍കി.

ഇപി ജയരാജന്റെ പുസ്തകത്തെക്കുറിച്ച് കേട്ടപ്പോള്‍ താന്‍ ഉള്ളിന്റെ ഉള്ളില്‍ ചിരിക്കുകയായിരുന്നു. തന്റെ ജീവിതത്തില്‍ ആകെ മൂന്ന് തവണ മാത്രമാണ് രാമനിലയത്തിനകത്ത് പോയിട്ടുള്ളതെന്നും, താന്‍ വെറുതെ റൂം ബുക്ക് ചെയ്യുന്ന ഒരാളല്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. അതിലൊന്ന് ഇ.പി.ജയരാജനെ കാണാനാണെന്നും അവര്‍ വ്യക്തമാക്കി.