കേരളത്തില്‍ എന്‍ജിനീയറിങ് പ്രവേശനത്തിനായി സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ നോര്‍മലൈസേഷന്‍ രീതി ഹൈക്കോടതി ശരിവെച്ചു. എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് വിവിധ ബോര്‍ഡുകള്‍ നടത്തുന്ന 12-ാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് ഏകീകരണത്തിനായിട്ടാണ് സര്‍ക്കാര്‍ പുതിയ നോര്‍മലൈസേഷന്‍ രീതി കൊണ്ടുവന്നത്. ഇതു ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.വിദ്യാഭ്യാസ ബോര്‍ഡുകള്‍ തമ്മിലുള്ള മാര്‍ക്ക് വ്യത്യാസം പരിഹരിക്കാന്‍ തമിഴ്‌നാട് മാതൃകയിലുള്ള നോര്‍മലൈസേഷന്‍ രീതിയാണ് ഇത്തവണ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതു ചോദ്യം ചെയ്യുന്ന ഹര്‍ജികളാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളിയത്. 2026 ലെ പ്രോസ്‌പെക്ടസിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് ഒരു കൂട്ടം സിബിഎസ്ഇ വിദ്യാര്‍ഥികളാണ് കോടതിയെ സമീപിച്ചത്.

പുതിയ രീതി പ്രകാരം ഒരു വിദ്യാര്‍ഥിയുടേയും മാര്‍ക്ക് കുറയുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് കോടതി നിരീക്ഷിച്ചു. സിബിഎസ്ഇ, സിഐഎസ് സിഇ പോലുള്ള ദേശീയ ബോര്‍ഡുകളില്‍ നിന്ന് പ്ലാസ് ടു പാസ്സായവരുടേത് കണക്കാക്കുമ്പോള്‍ ദേശീയ തലത്തില്‍ അതത് വിഷയത്തില്‍ നേടിയ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് മാത്രമേ നോര്‍മലൈസേഷന് വേണ്ടി പരിഗണിക്കുകയുള്ളൂ.