വെൺമയാർന്ന പൂക്കളും കാറ്റിൽ ഉലയുന്ന ഇലച്ചാർത്തുകളുമായി മലയാളിക്ക് മുരിങ്ങ വെറുമൊരു മരമല്ല, മറിച്ച് ഓർമകളുടെ പച്ചത്തുരുത്താണ്. ഇലയും പൂവും കായും തൊലിയും വേരുമടക്കം സർവഗുണസമ്പന്നമായ ഈ സസ്യം തലമുറകളായി നമ്മുടെ ആരോഗ്യത്തിൻ്റെ കാവലാളാണ്. എന്നാൽ മലയാളികളുടെ പ്രിയപ്പെട്ട ഈ ‘സൂപ്പർഫുഡിന്’ വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഓസ്ട്രേലിയ, ന്യൂസീലൻഡ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ കർശന വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. മുരിങ്ങയില, മുരിങ്ങക്കായ, മുരിങ്ങയെണ്ണ എന്നിവ ഭക്ഷണമായോ ഭക്ഷ്യച്ചേരുവകളായോ വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനുമാണ് ഓസ്ട്രേലിയയും ന്യൂസീലൻഡും ഔദ്യോഗികമായി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഭക്ഷ്യോൽപന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും പരിശോധിക്കുന്ന ഔദ്യോഗിക സ്ഥാപനമായ ഫുഡ് സ്റ്റാൻഡേർഡ്സ് ഓസ്ട്രേലിയ ന്യൂസീലൻഡ് അഥവാ എഫ്എസ്എഎൻസെഡ് 2026 ഏപ്രിൽ എട്ടിന് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് മുരിങ്ങ വിപണിയിലെത്തിക്കാനുള്ള അപേക്ഷകൾ പൂർണമായി നിരസിച്ച് നിരോധനം നിലവിൽ വരുത്തിയത്. മുരിങ്ങ ഒരു ഭക്ഷ്യ ഉൽപന്നമെന്ന നിലയിൽ വിപണിയിലെത്തിക്കാൻ ആവശ്യമായ സുരക്ഷാ രേഖകളുടെ അപര്യാപ്തതയാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ സുരക്ഷാ കാര്യങ്ങളിൽ കൃത്യമായ ഉറപ്പില്ലാത്ത പുതിയ തരം ഭക്ഷണം എന്ന നിലയിൽ ‘നോവൽ ഫുഡ്’ വിഭാഗത്തിലാണ് മുരിങ്ങയെ തരംതിരിച്ചിരിക്കുന്നത്. 1994-ന് മുൻപ് ഓസ്ട്രേലിയയിലോ ന്യൂസീലൻഡിലോ മുരിങ്ങ ഒരു പ്രധാന ഭക്ഷണമായി ഉപയോഗിച്ചതിന് കൃത്യമായ ചരിത്രരേഖകളോ സ്ഥിരീകരണമോ ഇല്ലാത്തതാണ് നോവൽ ഫുഡ് ആയി പ്രഖ്യാപിക്കാൻ പ്രധാന കാരണം.
മുരിങ്ങ മനുഷ്യൻ്റെ ആരോഗ്യത്തിന് യാതൊരുവിധ സുരക്ഷാ പ്രശ്നങ്ങളും ഉണ്ടാക്കില്ലെന്ന് തെളിയിക്കാൻ ആവശ്യമായ ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാൻ വാണിജ്യ അപേക്ഷകർക്ക് കഴിഞ്ഞില്ല. ഇതോടെ ചില്ലറ വിൽപനയ്ക്കുള്ള ഒരു ഭക്ഷണസാധനത്തിലോ ഭക്ഷ്യച്ചേരുവകളിലോ മുരിങ്ങ ഉപയോഗിക്കാൻ ഇനി നിയമപരമായി അനുവാദമില്ല. കൂടാതെ, മുരിങ്ങ അടങ്ങിയ ഇറക്കുമതി ചെയ്ത ഉൽപന്നങ്ങൾ അതിർത്തിയിൽ തടയുമെന്നും ഇവ ബയോസെക്യൂരിറ്റി ഇംപോർട്ട് കണ്ടീഷൻസിന് (BICON) വിധേയമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഈ നിരോധനം ഓസ്ട്രേലിയയിലേക്കും ന്യൂസീലൻഡിലേക്കും ഭക്ഷ്യ ഉൽപന്നങ്ങൾ കയറ്റി അയക്കുന്ന വ്യാപാരികളെയും ഇറക്കുമതിക്കാരെയും കാര്യമായി ബാധിക്കും. 1992-ലെ ഇംപോർട്ടഡ് ഫുഡ് കൺട്രോൾ ആക്ട് പ്രകാരം മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപന്നങ്ങളെ പരാജയപ്പെട്ട ഭക്ഷണം ആയി പ്രഖ്യാപിച്ച് നശിപ്പിക്കുകയോ തിരിച്ചയക്കുകയോ ചെയ്യും. നിയമത്തിലെ സെക്ഷൻ എട്ട് പ്രകാരം ഇത് കടുത്ത കുറ്റകൃത്യമാണ്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രവാസികൾക്ക് വ്യക്തിപരമായി കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് കഴിഞ്ഞ 15 വർഷമായി ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി ബിനു മാത്യു വ്യക്തമാക്കി. ഓസ്ട്രേലിയയിൽ മുരിങ്ങ കൂടുതലായും മുരിങ്ങയില പൊടിയുടെ രൂപത്തിലാണ് വിപണിയിലെത്തിയിരുന്നത്. ഇപ്പോൾ പല കമ്പനികളും തങ്ങളുടെ ഉൽപന്നങ്ങൾ റീബ്രാൻഡ് ചെയ്താണ് വിൽക്കുന്നത്. മുൻപ് ഭക്ഷണമായി ലേബൽ ചെയ്തിരുന്ന ഇവ, ഇപ്പോൾ ബാഹ്യ ഉപയോഗത്തിന് മാത്രം അല്ലെങ്കിൽ തെറാപ്പൂട്ടിക് ഉപയോഗത്തിന് എന്ന് മാറ്റിയാണ് വിൽക്കുന്നതെന്ന് ബിനു കൂട്ടിച്ചേർത്തു. സാധാരണയായി നാട്ടിൽ നിന്നും ഏതെങ്കിലും ചെടിയുടെ വിത്തോ തൈയോ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ സാധിക്കില്ല. മുരിങ്ങയ്ക്ക് നിരോധനം നിലനിൽക്കുന്നതിനാൽ ശരിയായ ലേബലിങ് ഇല്ലെങ്കിൽ ഇത്തരം ഉൽപന്നങ്ങൾ അതിർത്തി കടക്കാൻ അനുവദിക്കില്ല.
നിരോധനമുണ്ടെങ്കിലും ചില ഇളവുകൾ ലഭ്യമാണ്. മുരിങ്ങയെ തെറാപ്പൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ വഴി ഒരു കോംപ്ലിമെൻ്ററി മെഡിസിൻ ആയി ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ കാപ്സ്യൂളുകളുടെ രൂപത്തിൽ വിൽക്കാൻ നിയമപരമായി അനുവാദമുണ്ട്. എന്നാൽ ഇവ ഭക്ഷണമായല്ല, മറിച്ച് ഔഷധഗുണമുള്ള സപ്ലിമെൻ്റുകളായി മാത്രമേ വിപണനം ചെയ്യാൻ പാടുള്ളു. കൂടാതെ സ്വന്തം വീട്ടുപറമ്പിൽ മുരിങ്ങ മരം വളർത്തുന്നതിനും അതിൻ്റെ ഇലകളോ കായ്കളോ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനും യാതൊരുവിധ നിയമതടസ്സവുമില്ല. ഓസ്ട്രേലിയയ്ക്ക് മുൻപ് 2019 ജൂൺ നാലിന് ബ്രസീലിൻ്റെ ആരോഗ്യ നിയന്ത്രണ ഏജൻസിയായ അൻവിസ രാജ്യത്തുടനീളം മുരിങ്ങയുടെ ഉപയോഗം നിരോധിച്ചിരുന്നു. കാൻസർ, പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവ ഭേദമാക്കും എന്ന രീതിയിൽ ശാസ്ത്രീയ അടിത്തറയില്ലാത്ത വ്യാജമായ ഔഷധ അവകാശവാദങ്ങൾ ഉന്നയിച്ച് വിൽപന നടത്തിയതാണ് ബ്രസീലിനെ ഇത്തരമൊരു കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്.
ഭക്ഷ്യസുരക്ഷയുടെ പേരിൽ ഓസ്ട്രേലിയയിൽ വാണിജ്യ വിലക്കുണ്ടെങ്കിലും, ഈ അദ്ഭുത സസ്യത്തിൻ്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന ഗുണം ശാസ്ത്രലോകം അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്. ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കാൻ മുരിങ്ങ വിത്തുകൾക്ക് സാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. വെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക്കുകളെ അരിച്ചെടുക്കാൻ മുരിങ്ങ വിത്തുകൾക്ക് ശേഷിയുണ്ടെന്ന് എസിഎസ് ഒമേഗ ജേണലിലെ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിന് പുറമെ രക്തസമ്മർദം കുറയ്ക്കാനും കരളിൻ്റെ ആരോഗ്യത്തിനും ഇത് മികച്ചതാണ്. പരമ്പരാഗതമായി നാം ഗുണപ്രദമെന്ന് കരുതുന്ന പല ഭക്ഷണങ്ങളും രാജ്യാന്തര വിപണിയിലേക്ക് എത്തുമ്പോൾ കർശനമായ സുരക്ഷാ പരിശോധനകൾക്കും നിയമങ്ങൾക്കും വിധേയമാകാറുണ്ട് എന്നതിൻ്റെ തെളിവാണ് ഈ നിരോധനം.



