ഉത്തർപ്രദേശിലെ കാൺപൂർ ദേഹാതിൽ അമ്മായിയമ്മയെ മരുമകൻ വിവാഹം കഴിച്ചതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

ഏതാനും വർഷങ്ങൾക്ക് മുൻപ് യുവാവിൻ്റെ ഭാര്യ മരണപ്പെട്ടിരുന്നു. ഇതിനുശേഷമാണ് ഇയാൾ അമ്മായിയമ്മയുമായി പ്രണയത്തിലായതെന്നും തുടർന്ന് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹച്ചടങ്ങുകൾ നടന്നത്.

വിവാഹത്തിൻ്റേതായി പുറത്തുവന്ന വീഡിയോയിൽ യുവാവ് സ്ത്രീയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതും മാല ചാർത്തുന്നതും കാണാം. ഇരുവരും പരസ്പരം മധുരം പങ്കുവെക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ഈ ദൃശ്യങ്ങൾ ഇൻറർനെറ്റിൽ വൈറലായതോടെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാൺപൂർ ദേഹത് പോലീസ് സംഭവത്തിൽ സ്വമേധയാ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോയുടെ ആധികാരികത പരിശോധിച്ചു വരികയാണെന്നും, സംഭവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ എന്താണെന്ന് കണ്ടെത്താൻ പ്രാദേശിക പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിവാഹം നിയമപരമായി സാധുതയുള്ളതാണോ എന്നും കുടുംബാംഗങ്ങളുടെ പ്രതികരണം എന്താണെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.