മാര്‍ച്ചില്‍ തിയറ്ററുകളില്‍ എത്തിയ മലയാള സിനിമകളുടെ കണക്ഷന്‍ കണക്കുകള്‍ പ്രസിദ്ധീകരിച്ച് സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതിമാസ കണക്കുകള്‍ ഇവര്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഫെബ്രുവരി മാസത്തെ ലിസ്റ്റ് മാര്‍ച്ച് 19 ന് എത്തിയിരുന്നുവെങ്കില്‍ മാര്‍ച്ച് ലിസ്റ്റ് ഇന്നാണ് പുറത്തെത്തുന്നത്. കണക്ക് പ്രകാരം 15 സിനിമകളാണ് മാര്‍ച്ച് മാസത്തില്‍ മലയാളത്തില്‍ നിന്ന് തിയറ്ററുകളില്‍ എത്തിയത്. ഇത് പ്രകാരം കാര്യമായ നേട്ടം ഉണ്ടാക്കാനായത് മോഹന്‍ലാല്‍ ചിത്രം എമ്പുരാന് മാത്രമാണ്. 175 കോടി ബജറ്റില്‍ എത്തിയ ചിത്രം ആദ്യ അഞ്ച് ദിവസം കൊണ്ട് (മാര്‍ച്ച് 27 റിലീസ്) 24.6 കോടി കേരളത്തില്‍ നിന്ന് തിയറ്റര്‍ ഷെയര്‍ ഇനത്തില്‍ നേടിയിട്ടുണ്ടെന്നാണ് ലിസ്റ്റില്‍ പറയുന്നത്.

മാര്‍ച്ച് റിലീസുകളില്‍ ഏറ്റവും കുറവ് കളക്ഷന്‍ ലഭിച്ചിരിക്കുന്നത് മറുവശം, പ്രളയശേഷം ഒരു ജലകന്യക, ആരണ്യം, കാടകം, ലീച്ച്, വെയ്റ്റിം​ഗ് ലിസ്റ്റ്, എന്നീ ചിത്രങ്ങള്‍ക്കാണ്. മറുവശം 60,000 തിയറ്റര്‍ ഷെയര്‍ നേടിയപ്പോള്‍ പ്രളയശേഷം ഒരു ജലകന്യക നേടിയിരിക്കുന്നത് 64,000 ആണ്. ആരണ്യം 22,000, കാടകം 80,000, ലീച്ച് 45,000, വെയ്റ്റിം​ഗ് ലിസ്റ്റ് 35,000 എന്നിങ്ങനെയാണ് മറ്റ് ചിത്രങ്ങളുടെ തിയറ്റര്‍ ഷെയറുകള്‍. മാര്‍ച്ച് റിലീസുകളിലെ അഞ്ച് സിനിമകള്‍ ഇപ്പോഴും തിയറ്ററുകളില്‍ തുടരുന്നുണ്ട്. എമ്പുരാന്‍ കൂടാതെ അഭിലാഷം, വടക്കന്‍, പരിവാര്‍, ഔസേപ്പിന്‍റെ ഒസ്യത്ത് എന്നിവയാണ് അവ. 

മാര്‍ച്ച് 29 ന് റിലീസ് ചെയ്യപ്പെട്ട അഭിലാഷം മൂന്ന് ദിവസം കൊണ്ട് 15 ലക്ഷം ഷെയര്‍ നേടിയിട്ടുണ്ട്. വടക്കന്‍ 20 ലക്ഷവും പരിവാര്‍ 26 ലക്ഷവും ഔസേപ്പിന്‍റെ ഒസ്യത്ത് 45 ലക്ഷവും ഷെയര്‍ നേടി. കേരളത്തിലെ തിയറ്ററുകളില്‍ നിന്നുള്ള ഷെയര്‍ മാത്രമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുള്ള കളക്ഷനോ ഒടിടി, സാറ്റലൈറ്റ് അഠക്കമുള്ള റൈറ്റ്സുകളില്‍ നിന്നുള്ള വരുമാനമോ ഇതില്‍ ഉള്‍പ്പെടില്ലെന്ന് ഇത്തവണത്തെ പട്ടികയില്‍ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം എമ്പുരാന്‍റെ ബജറ്റ് 150 കോടിയില്‍ താഴെയാണെന്നായിരുന്നു ചിത്രത്തിന്‍റെ പ്രൊമോഷണല്‍ അഭിമുഖങ്ങളില്‍ പൃഥ്വിരാജും മോഹന്‍ലാലും പറഞ്ഞിരുന്നത്. എന്നാല്‍ അത് 180 കോടി ആണെന്നായിരുന്നു സഹനിര്‍മ്മാതാവായ ​ഗോകുലം ​ഗോപാലന്‍ പറഞ്ഞത്.