ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും രാവിലെ ആവേശത്തോടെ തുടങ്ങിയ വോട്ടിംഗ് ഉച്ചയോടെ മന്ദഗതിയിലായി. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും ഉച്ചകഴിഞ്ഞ് ആളുകള്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാ മുന്നണികളും.

ഗ്രാമപ്രദേശങ്ങളിലെ ബൂത്തുകളില്‍ രാവിലെ നല്ല തിരക്ക് അനുഭവപ്പെട്ടെങ്കിലും നഗര പ്രദേശങ്ങളില്‍ തിരക്ക് കുറവായിരുന്നു. പത്തുമണിയോടെ ഗ്രാമപ്രദേശങ്ങളിലും തിരക്ക് കുറയാന്‍ തുടങ്ങി. പകുതി സമയം പിന്നിട്ട് 12.30 ആയപ്പോള്‍ 34.38 ശതമാനം ആയിരുന്നു പോളിംഗ്. ഏറനാടാണു കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്: 37.90 ശതമാനം. കുറവ് നിലമ്പൂര്‍: 32.92 ശതമാനം. 1.10 ന് വയനാട്ടിലെ പോളിംഗ് ശതമാനം 38.99 ശതമാനമായി. വൈകുന്നേരമാകുമ്പോഴേക്കും കൂടുതല്‍ ആളുകള്‍ എത്തുമെന്നും പോളിംഗ് വര്‍ധിക്കുമെന്നുമാണു മുന്നണികളുടെ പ്രതീക്ഷ.

സ്ഥാനാര്‍ഥികളായ പ്രിയങ്ക ഗാന്ധി കല്‍പറ്റ, തിരുവമ്പാടി, മുക്കം തുടങ്ങിയ സ്ഥലങ്ങളിലെ പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിച്ചു. സത്യന്‍ മൊകേരിയും നവ്യ ഹരിദാസും രാവിലെമുതല്‍ ചൂരല്‍മല ഉള്‍പ്പെടെയുള്ള വിവിധ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി. 2019ല്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ 80.27 ശതമാനം ആയിരുന്നു പോളിംഗ്. 2024ല്‍ 73.48 ശതമാനമായിരുന്നു പോളിംഗ്.