ബലാത്സംഗക്കേസിൽ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളി കുറ്റവിമുക്തൻ. നെയ്യാറ്റിൻകര കോടതിയുടേതാണ് നടപടി.ദൈവത്തോട് നന്ദി പറയുന്നു.മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയ സംഭവമാണെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
സത്യമൊരിക്കൽ ജയിക്കുമെന്ന് അന്നേ പറഞ്ഞിരുന്നു. കോടതിയിൽ നിന്ന് നീതി കിട്ടി. കോൺഗ്രസ് അനീതി കാണിച്ചിട്ടില്ല. പാർട്ടിക്ക് മാറി നിൽക്കാൻ പറയാൻ അവകാശമുണ്ട്. സീറ്റ് നിഷേധിച്ചാലും പാർട്ടി കൂറ് പോകില്ല. പുനസംഘടനയിൽ പരിഗണിക്കുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പരാതിക്കാരി കോടതി വിസ്താരത്തിനിടെ എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് എൽദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടത്. 2022 സെപ്റ്റംബര്‍ 28-നാണ് പെരുമ്പാവൂര്‍ എംഎല്‍എയായിരുന്ന എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപിക പരാതി നല്‍കിയത്.
അതിജീവിതയെ എൽദോസ് കുന്നപ്പിള്ളി ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. 2022 ജൂലൈ 4-നായിരുന്നു ആദ്യ സംഭവം. തുടര്‍ന്ന് തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വച്ചും ബലാത്സംഗം ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
പരാതി പിന്‍വലിച്ചാല്‍ 30 ലക്ഷം രൂപ നല്‍കാമെന്ന് എൽദോസ് വാഗ്ധാനം ചെയ്തിരുന്നുവെന്നും പിന്നീട് യുവതി വെളിപ്പെടുത്തിയിരുന്നു. പീഡന ആരോപണം നിലനിൽക്കുന്നതിനാൽ ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നിഷേധിച്ചിരുന്നു.



