മലപ്പുറം എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തിയ 150 ഓളം എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്. ലഹള ചെയ്യണമെന്ന ഉദ്ദേശത്തോടെ ന്യായവിരുദ്ധമായി സംഘടിച്ചെന്ന് എഫ്ഐആർ. റോഡിൽ കുത്തി ഇരുന്ന് പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗ തടസം സൃഷ്ടിച്ചതിനും കേസ്. പോലീസിന്റെ വരുൺ വാഹനത്തിന്റെ മുകളിൽ കയറി ഹൈഡ്രോളിക് ഫയറിംഗ് ഗൺ, സൈറൺ സ്പീക്കർ എന്നിവ നശിപ്പിച്ചതിൽ 35000 രൂപയുടെ നഷ്ടം വരുത്തിയെന്നും എഫ്. ഐ.ആർ.
നേരത്തെ കണ്ണൂരിലെ എസ്എഫ്ഐ പ്രതിഷേധത്തിൽ നൂറോളം എസ്എഫ്ഐ പ്രവർത്തകർക്കും ,നേതാക്കൾക്കും എതിരെ കേസെടുത്തിരുന്നു. കണ്ണൂരിൽ എസ് പി ഓഫീസിലേക്കായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. കേരള സർവകലാശാല തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് പിന്നാലെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപക എസ്എഫ്ഐ പ്രതിഷേധം നടത്തിയത്. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് മാർച്ചിൽ ഉൾപ്പെടെ സംഘർഷമുണ്ടായി. മലപ്പുറത്തും തൃശൂരും ആലപ്പുഴയിലും പ്രവർത്തകരും, പൊലീസുമായി ഏറ്റുമുട്ടലുണ്ടായി.
എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. പത്തനംതിട്ട എസ്പി ഓഫീസിലേക്കും പ്രവർത്തകർ പ്രതിഷേധവുമായെത്തി. മലപ്പുറത്ത് പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജ് നടത്തി. എസ്എഫ്ഐ പാലക്കാട് ജില്ല കമ്മിറ്റി എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.



