അമരാവതി: ആന്ധ്രപ്രദേശിലെ കുർണൂലിൽ തീർഥാടകർ സഞ്ചരിച്ച പിക്ക് അപ്പ് വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 12 പേർക്ക് പരിക്കേറ്റു. ധർമ്മപൂർ ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടം.
മന്ത്രാലയിലെ ശ്രീ രാഘവേന്ദ്ര സ്വാമി മഠത്തിലേക്ക് പോയ പിക്ക് അപ്പ് വാനാണ് എതിർദിശയിൽ നിന്ന് വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചത്. വാഹനത്തിൽ 21 പേരായിരുന്നു ഉണ്ടായിരുന്നത്.
എട്ട് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കർണാടക സ്വദേശികളായ അഞ്ച് സ്ത്രീകൾ, മൂന്ന് വയസുള്ള പെൺകുട്ടി, രണ്ട് പുരുഷന്മാർ എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രക്ഷാപ്രവർത്തനം നടത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.
അപകടത്തിന്റെ കൃത്യമായ കാരണം അന്വേഷിക്കാൻ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.



