തിരുവനന്തപുരം: കായികമേള അലങ്കോലപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരാതികളില്ലാതെ മികച്ച സംഘാടനമാണ് ഒളിമ്പിക്സ് മോഡൽ കായിക മേളയിൽ ഉണ്ടായത്. പരാതി ഉന്നയിച്ച സ്കൂളുകളോട് ഗൗരവമായി വിഷയം പരിശോധിക്കുമെന്ന് വ്യക്തമാക്കിയതാണ്. എന്നിട്ടും സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ മുന്നിട്ട് നിന്നത് അധ്യാപകരാണ്. വിദ്യാഭ്യാസ വകുപ്പ് ഇത് ഗൗരവത്തോടെ കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. എല്ലാ വർഷവും ഒളിമ്പിക് മോഡൽ കായികമേള നടത്തുമെന്നും മന്ത്രി അറിയിച്ചു.

ആസൂത്രണം കൊണ്ടും സംഘാടനം കൊണ്ടും മികച്ച മേളയായിരുന്നു കേരള സ്കൂൾ കായികമേള കൊച്ചി ’24. സമാപന സമ്മേളനം മികച്ച നിലയിൽ മുന്നോട്ടു പോകുമ്പോഴാണ് മികച്ച സ്കൂളിന്റെ പേരിലുള്ള തർക്കം തിരുനാവായ നാവാമുകുന്ദ സ്കൂൾ ഉന്നയിക്കുന്നത്. സ്കൂളിന്റെ പ്രതിനിധിയുമായി വേദിയിൽ വച്ച് തന്നെ കുടിക്കാഴ്ച നടത്തി അവരുടെ പരാതി ഗൗരവമായി കണക്കിലെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അത് ചെവിക്കൊള്ളാതെയാണ് മേള അലങ്കോലമാക്കാൻ ശ്രമം നടന്നത്. പരിപാടി അലങ്കോലപ്പെടുത്തരുതെന്ന് നവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്കൂളുകളോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ഫലം ഉണ്ടായില്ലെന്ന് മന്ത്രി പറയുന്നു.

സാംസ്കാരിക പരിപാടി തടയാനും വളണ്ടിയർമാരെ മർദ്ദിക്കാനും ശ്രമമുണ്ടായി. കായികമേളയുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേൽപ്പിക്കുന്ന രീതിയിൽ ആയിരുന്നു വിരലിലെണ്ണാവുന്നവരുടെ പ്രവർത്തനം. ഇക്കാര്യം പൊതു വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കും. മേളയെ അലങ്കോലപ്പെടുത്താനുള്ള ശ്രമത്തെ ശക്തമായ അപലപിക്കുന്നു. ലോകത്ത് എവിടെ മത്സരം നടന്നാലും തർക്കങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാവാറുണ്ട്. അവ പരിഹരിക്കാൻ വ്യവസ്ഥാപിത രീതികളും ഉണ്ട്. അപ്പീൽ കമ്മിറ്റിയും കോടതികളുണ്ട്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആദ്യ സ്കൂൾ ഒളിമ്പിക്സിന്റെ സമാപന സമ്മേളനത്തെ അലങ്കോലപ്പെടുത്തിയതിന്റെ അപഖ്യാതി ഈ രണ്ട് സ്കൂൾ അധികൃതർക്കാണ്. 24,000 കായികതാരങ്ങൾ പങ്കെടുത്ത മേളയിൽ തിരുനാവായ നാവാമുകുന്ദ സ്കൂളിൽ നിന്ന് 31 കായികതാരങ്ങളും മാർ ബേസിലിൽ നിന്ന് 76 കായികതാരങ്ങളും ആണ് പങ്കെടുത്തത്.