കേരളത്തിലെ സാമ്പത്തിക തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ പണം പരാതിക്കാര്‍ക്ക് തിരികെ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കാരക്കോണം മെഡിക്കല്‍ കോളജ് സീറ്റ് തട്ടിപ്പ്, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് തുടങ്ങി ഏഴ് സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പരാതികാര്‍ക്ക് പണം തിരികെ നല്‍കുന്നതിനുള്ള നടപടിയാണ് സ്വീകരിക്കുന്നത്.

അതേസമയം കൊടകര കുഴല്‍പ്പണക്കേസ് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും സിഎംആര്‍എല്‍ എക്സാലോജിക് കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. കൊച്ചിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ഇഡി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കാരക്കോണം മെഡിക്കല്‍ കോളജ് സീറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പരാതിക്കാരായ ആറ് പേര്‍ക്ക് പണം ഡിമാന്‍ഡ് ഡ്രാഫ്റ്റായി തിരികെ നല്‍കി.

കരുവന്നൂര്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ സ്വത്ത് ബാങ്കിനെ തിരികെ ഏല്‍പ്പിക്കും. ഇരകളായവര്‍ക്ക് ബാങ്കിനെ സമീപിക്കാം. ബാങ്ക് വഴിയാണ് പരാതികാര്‍ക്ക് പണം തിരികെ നല്‍കുക. കേസില്‍ കരുവന്നൂര്‍ ബാങ്കും ഇരയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി നിരവധി തവണ ബാങ്കിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റക്കാരെ കണ്ടെത്തി ശിക്ഷ വാങ്ങിക്കൊടുക്കുക എന്നത് മാത്രമല്ല, പകരം കേസുകളുമായി ബന്ധപ്പെട്ടിരിക്കുന്ന പരാതികാര്‍ക്ക് അതിന്റെ ആനുകൂല്യം എത്തിക്കുക എന്നതുകൂടിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ദൗത്യം. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ നിലവില്‍ കണ്ടുകെട്ടിയുള്ള പണം തിരികെ കൊടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കികൊണ്ടിരിക്കുകയാണ്.

കേരളത്തിലും സമാനമായി പത്തോളം കേസുകളിലും പണം തിരികെ കൊടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സഹകരണബാങ്ക് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്ന തരം കേസുകളിലായിരിക്കും നടപടികള്‍ പൂര്‍ത്തിയാക്കുകയെന്നും ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.സിമി വ്യക്തമാക്കി.