സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സിഎംആര്‍എല്ലിന് വന്‍ തിരിച്ചടി. സിഎംആര്‍എല്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തള്ളി. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ വിഷയം ഇ ഡിയുടെ അധികാര പരിധിയ്ക്ക് പുറത്താണെന്ന് വാദിച്ചുകൊണ്ട് സമര്‍പ്പിച്ച അപ്പീലാണ് തള്ളിയിരിക്കുന്നത്. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. 

എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് കൊണ്ട് മാത്രം ഇഡി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. ഈ തടസം കൂടി നീങ്ങിയതോടെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ മകള്‍ വീണ ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇ ഡി നോട്ടീസ് നല്‍കും. പിണറായി വിജയന്റെ വീട്ടില്‍ ഉള്‍പ്പെടെ 12 ഇടങ്ങളില്‍ കഴിഞ്ഞ തവണ ഇ ഡി റെയ്ഡ് നടത്തിയപ്പോള്‍ സിപിഐഎം ശക്തമായ പ്രതിഷേധവും ഇഡി വാഹനങ്ങള്‍ക്കെതിരെ ആക്രമണവും നടത്തിയിരുന്നു.

ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. അല്‍പ സമയത്തിനുള്ളില്‍ ഇ ഡി ആസ്ഥാനത്തേക്ക് ഇഡി ഡയറക്ടര്‍ രാഹുല്‍ നവീന്റെ നേതൃത്വത്തില്‍ നിര്‍ണായക യോഗം ചേരും. കേസിന്റെ തുടര്‍നടപടികളും ഉദ്യോഗസ്ഥര്‍ നേരിട്ട അക്രമവും ചര്‍ച്ച ചെയ്യാനാണ് ഇന്ന് ഇ ഡിയുടെ ഉന്നതതല യോഗം നടക്കുന്നത്.