ബെംഗളൂരു : വളർച്ചയുടെ പുതുയുഗത്തിലേക്ക് കിഴക്കൻ ബെംഗളൂരു. നഗരത്തിലെ ഏറ്റവും പുതിയ വളർച്ചാ കേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്ന മേഖലയായി മാറുകയാണ് ഗ്രേറ്റർ വൈറ്റ്ഫീൽഡ് . നിലവിൽ ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് ഇടനാഴികളിൽ ഒന്നായി ഉയർന്നുവരികയാണ് ഈ നഗരമേഖല. ഇതിനൊരു കാരണമുണ്ട്. നഗരത്തിലെ ട്രാഫിക് പ്രശ്നങ്ങളാണത്. റിയൽ എസ്റ്റേറ്റ് മേഖലയുടെ പുതിയ കണക്കു കൂട്ടലുകൾ പ്രകാരം ബെംഗളൂരുവിലെ ഏറ്റവും തിരക്ക് കുറഞ്ഞ നഗരഭാഗമായി മാറാൻ പോകുന്നത് വൈറ്റ് ഫീൽഡാണ്.

ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുടെ വരവ് ഈ വികസനത്തെ ത്വരിത ഗതിയിലാക്കുമെന്നാണ് പ്രതീക്ഷ സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് (STRR), പെരിഫറൽ റിംഗ് റോഡ് , മെട്രോ ശൃംഖലയുടെ വളർച്ച തുടങ്ങിയ നിരവധി ഘടകങ്ങൾ വൈറ്റ് ഫീൽഡിന്റെ വളർച്ചയ്ക്ക് കാരണമാകും. ഈ മൾട്ടി-ലെയ്ൻ എക്സ്പ്രസ്‌വേകൾ നഗരത്തിലെ കണ്ടെയ്നർ ഗതാഗതത്തെ വഴിതിരിച്ചുവിടാൻ സഹായിക്കും. ഇതിനാൽ തന്നെ വൈറ്റ്ഫീൽഡിലെ താമസക്കാർക്ക് ഗതാഗത തടസ്സമില്ലാതെ നഗരത്തിനുള്ളിൽ സഞ്ചരിക്കാൻ കഴിയും. ബാംഗ്ലൂരിന്റെ തെക്കും വടക്കും ഭാഗങ്ങളിലേക്കും, കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തടസ്സമില്ലാതെ എത്തിച്ചേരാനും സാധിക്കും.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വൈറ്റ് ഫീൽഡ് മേഖലയിൽ വീടുകൾക്കും ഫ്ലാറ്റുകൾക്കുമെല്ലാം വില ഉയര്‍ന്നത് ഏതാണ്ട് 115 ശതമാനമാണ്. ഗ്രേറ്റർ വൈറ്റ്ഫീൽഡിലേക്കുള്ള ഈ റിയൽ എസ്റ്റേറ്റ് ഒഴുക്കിനു പിന്നിലെ പ്രധാന കാരണം തിരക്ക് ഒഴിയുന്നു എന്നത് തന്നെയാണ്.

വൈറ്റ് ഫീൽഡിന്റെ മറ്റൊരു ഗുണം വർഷങ്ങളായി ഈ നഗരമേഖലയിൽ വളർന്നിട്ടുള്ള ടെക്നോളജി ഇക്കോസിസ്റ്റമാണ്. വലിയ തോതിൽ പ്രൊഫഷണലുകളെ ആകർഷിക്കാൻ വൈറ്റ്ഫീൽഡിന് എല്ലാക്കാലത്തും സാധിച്ചിട്ടുണ്ട്. വാണിജ്യ, വ്യാവസായിക വികസനം നന്നായി നടക്കുന്നുണ്ട്.

ബെംഗളൂരു–ചെന്നൈ എക്സ്പ്രസ്‌വേ ഗ്രേറ്റർ വൈറ്റ്ഫീൽഡിനെ ഒരു പ്രധാന ലോജിസ്റ്റിക്സ്, സാമ്പത്തിക കേന്ദ്രമാക്കി വളർത്തുമെന്നാണ് പൊതുവെ നിരീക്ഷിക്കപ്പെടുന്നത്. നിലവിൽ ഈ പാതയുടെ പണികൾ മുക്കാലും തീർന്നിട്ടുണ്ട്. ബിഎംടിസി വിമാനത്താവള ബസ് ലൈനുകൾ ഈ വഴിയിലൂടെ കടന്നുപോകുന്നു. ഒപ്പം നമ്മ മെട്രോ പർപ്പിൾ ലൈൻ (കെആർ പുരം, കടുഗോഡി സ്റ്റേഷനുകൾ വഴി) പ്രദേശത്തെ മധ്യ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്നു.

ഐടി മേഖല മാത്രമല്ല വൈറ്റ് ഫീൽ‌ഡിനെ വളർത്തുന്നത്. ഹോസ്കോട്ടിനു ചുറ്റുമുള്ള കെഐഎഡിബി വ്യാവസായിക സംരംഭങ്ങളും, ഓട്ടോമോട്ടീവ് കേന്ദ്രങ്ങളുമെല്ലാം വൈറ്റ് ഫീൽഡിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടിയ മേഖലകളാണ്. ജെഎസ്എസ് പബ്ലിക് സ്കൂൾ, എംവിജെ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ട്. സെന്റ് മേരീസ്, വൈദേഹി പോലുള്ള ആശുപത്രികൾ. ഫീനിക്സ് മാർക്കറ്റ്സിറ്റി, വിആർ ബെംഗളൂരു പോലുള്ള വിനോദ കേന്ദ്രങ്ങളും.