ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുന്നതായുള്ള ഡ്രീം ഇലവന്റെ തീരുമാനത്തിന് പിന്നാലെ പുതിയ സ്പോൺസർമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. സെപ്റ്റംബർ ഒൻപതിന് ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കുന്നതിനാൽ ഉടൻ തന്നെ ക്രിക്കറ്റ് ബോർഡിന് സ്പോൺസർമാരെ കണ്ടെത്തേണ്ടതുണ്ട്. അതിന് സാധിക്കാത്തപക്ഷം സ്പോൺസർ ഇല്ലാതെ മത്സരിക്കാൻ ഇറങ്ങേണ്ടതായും വരും. ഓട്ടോമൊബൈൽ നിർമാണകമ്പനിയായ ടൊയോട്ട മോട്ടോർ കോർപ്പറേഷൻ, ഫിൻടെക്ക് സ്റ്റാർട്ടപ്പ് എന്നീ കമ്പനികളാണ് സ്പോൺസർഷിപ്പിനായി രംഗത്തുണ്ടെന്നാണ് വിവരം.

ഓൺലൈൻ വാതുവയ്പ്പും ചൂതാട്ടങ്ങളും നിരോധിക്കാനുള്ള ബിൽ കേന്ദ്രസർക്കാർ പാസാക്കിയതിനു പിന്നാലെയാണ് ഡ്രീം 11 ബിസിസിഐയുമായുള്ള കരാർ അവസാനിപ്പിച്ചത്. അതേസമയം ക്രിക്കറ്റ് ബോർഡിന് മാത്രമല്ല, ഇന്ത്യൻ താരങ്ങളെയടക്കം ഡ്രീം 11 ന്റെ പിന്മാറ്റം ബാധിച്ചതായാണ് പുറത്തുവരുന്ന വിവരം. പ്രമുഖ ഇന്ത്യൻ താരങ്ങൾക്ക് എൻഡോഴ്സ്മെന്റ് ഡീലുകൾ നഷ്ടപ്പെടും. ഇത് സാമ്പത്തികമായി വലിയ നഷ്ടമാണ് സൃഷ്ടിക്കുക. ഏകദേശം 200 കോടിയോളം രൂപയുടെ നഷ്ടം ഇന്ത്യൻ താരങ്ങൾക്ക് ഉണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ, ജസ്പ്രീത് ബുംറ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ എന്നിവർക്ക് ഡ്രീം ഇലവനുമായി കരാറുകളുണ്ട്. ശുഭ്മാൻ ഗിൽ, മുഹമ്മദ് സിറാജ്, യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്വാദ്, റിങ്കു സിങ്, സൗരവ് ഗാംഗുലി എന്നിവർക്ക് മൈ 11 സർക്കിളുമായും. സൂപ്പർതാരം വിരാട് കോലിക്ക് എംപിഎല്ലുമായും മുൻ താരം മഹേന്ദ്ര സിങ് ധോനിക്ക് വിൻസോയുമായും കരാറുകളുണ്ട്. ഈ കരാറുകൾ റദ്ദാകുന്നത് താരങ്ങൾക്ക് വൻ തിരിച്ചടിയാകും.

ക്രിക്ക്ബസ്സിന്റെ റിപ്പോർട്ട് പ്രകാരം വിരാട് കോലിക്ക് 10-12 കോടിവരെയാണ് പ്രതിവർഷം ലഭിക്കുന്നത്. രോഹിത് ശർമ, ധോനി എന്നിവർക്ക് 7 കോടിയോളം രൂപ ലഭിക്കുന്നു. മറ്റുചില താരങ്ങൾക്ക് ഏകദേശം ഒരു കോടിയോളം രൂപയുമാണ് ലഭിക്കുന്നത്. ഈ കരാറുകൾ റദ്ദാകുന്നതോടെ ഇന്ത്യൻ താരങ്ങൾക്ക് ഉണ്ടാകുന്ന ആകെ നഷ്ടം 150 കോടി മുതൽ 200 കോടി വരെയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

2023-ലാണ് ഡ്രീം 11 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർമാരാകുന്നത്. മൂന്ന് വർഷത്തേക്ക് 358 കോടി രൂപയുടേതാണ് കരാർ. കരാർ കാലാവധി തീരും മുൻപേ അവസാനിപ്പിച്ചെങ്കിലും ഡ്രീം 11 ന് പിഴത്തുകയൊന്നും നൽകേണ്ടിവരില്ല. കരാറിൽ ഇതു സംബന്ധിച്ച് വ്യക്തമായി പറയുന്നുണ്ട്. കേന്ദ്ര സർക്കാർ നിയമങ്ങളിൽ കൊണ്ടുവരുന്ന ഭേദഗതി സ്പോൺസറിന്റെ വാണിജ്യപ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ ക്രിക്കറ്റ് ബോർഡിന് ഒരു പണവും നൽകേണ്ടതായിട്ടില്ല. അതായത് കരാർ നേരത്തെ അവസാനിപ്പിക്കുന്നുണ്ടെങ്കിലും ഡ്രീം 11 ബിസിസിഐക്ക് മുഴുവൻ പണവും നൽകേണ്ടതില്ലെന്നർഥം.