‘ഓൾ ദാറ്റ് ബ്രീത്സ്’ എന്ന ഡോക്യുമെന്ററിയിലൂടെ ആഗോളതലത്തിൽ പ്രശസ്തിയാർജിച്ച സംവിധായകനാണ് ശൗനക് സെൻ. ഇപ്പോഴിതാ വൃക്കയിൽ ബാധിച്ച അർബുദത്തേക്കുറിച്ചും അതിനെ അതിജീവിച്ചതിനേക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഇൻസ്റ്റാഗ്രാമിലൂടെയാണ് തന്റെ രോഗാവസ്ഥയെ കുറിച്ച് ശൗനക് സെന്നിൻറെ വെളിപ്പെടുത്തൽ.
ആശുപത്രി കിടക്കയിലുള്ള ചിത്രങ്ങളും തന്നെ സന്ദർശിക്കാനെത്തിയവരുടെ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ ശൗനക് പങ്കുവെച്ചിട്ടുണ്ട്. ഒക്ടോബർ അവസാനം ആശുപത്രിയിൽ നടത്തിയ പതിവ് പരിശോധനകൾക്കിടെയിലാണ് അർബുദം തിരിച്ചറിഞ്ഞതെന്ന് ശൗനക് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഒക്ടോബർ അവസാനത്തോടെയാണ് പതിവ് പരിശോധനകൾക്കിടയിൽ വൃക്കയിൽ അർബുദം തിരിച്ചറിഞ്ഞത്. വൃക്കയിൽ ഇതുസംബന്ധമായ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. മദ്യപാനമോ പുകവലിയോ പോലുള്ള ശീലങ്ങളും എനിക്കില്ലായിരുന്നു. ഉടൻ ശസ്ത്രക്രിയ്ക്കായി ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു’, ശൗനക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഡിസംബർ 26-ന് ശസ്ത്രക്രിയയിലൂടെ വൃക്കയുടെ ഒരു ഭാഗം നീക്കംചെയ്യുകയായിരുന്നുവെന്നും ഇൻസ്റ്റയിലൂടെ ശൗനക് വ്യക്തമാക്കി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും താൻ അർബുദത്തെ അതിജീവിച്ചുവെന്നും ശൗനക് കൂട്ടിച്ചേർത്തു. അർബുദം തുടക്കത്തിൽത്തന്നെ തിരിച്ചറിയാൻ സാധിച്ചത് ഒരു അനുഗ്രഹമായി. പതിയെ പഴയജീവിതത്തിലേക്ക് മടങ്ങിവരികയാണെന്നും ശൗനക് കുറിച്ചു.
പട്ടച്ചരടുകളിൽ കുരുങ്ങി ചിറകു മുറിഞ്ഞുവീഴുന്ന പക്ഷികളെ രക്ഷിച്ച്, ശുശ്രൂക്ഷിച്ച് ആകാശത്തേക്ക് തിരികെവിടുന്ന മുഹമ്മദ് സൗദ്, നദീം ഷെഹ്സാദ് സഹോദരങ്ങളേക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് ‘ഓൾ ദാറ്റ് ബ്രീത്സ്’. ഡോക്യുമെന്ററിക്ക് 75-ാം കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ ഐ ബഹുമതി ലഭിച്ചിരുന്നു.
https://www.instagram.com/p/DFASQC5yWbS/?img_index=2&igsh=OWNrZGZ3NGMya3k0



