ചെന്നൈ: പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽപ്പാലത്തിൻ്റെ നിർമാണത്തിൽ പിഴവെന്ന് റിപ്പോർട്ട്. എഞ്ചിനീയറിങ് വിസ്മയം എന്ന വിശേഷണത്തിൽ പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യത്തെ ലംബ ലിഫ്റ്റ് കടൽപ്പാലത്തിൻ്റെ നിർമാണത്തിൽ നിരവധി പോരായ്മകൾ ഉണ്ടെന്നാണ് സൗത്ത് സർക്കിൾ റെയിൽവേ സുരക്ഷാ കമ്മീഷണർ (സിആർഎസ്) വ്യക്തമാക്കുന്നത്.

നിർമാണത്തിൻ്റെ ആസൂത്രണ ഘട്ടം മുതൽ പലതരത്തിലുള്ള പാളിച്ചകൾ സംഭവിച്ചുവെന്നാണ് പരിശോധന നടത്തിയ സതേൺ സർക്കിൾ റെയിൽവേ സേഫ്റ്റി കമ്മീഷണർ എഎം ചൗധരി ദക്ഷിണ റെയിൽവേയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. നവംബർ 13, 14 തീയതികളിലാണ് സിആർഎസ് സുരക്ഷാ പരിശോധന നടത്തിയത്. ചരക്കുകളുടെയും പാസഞ്ചർ ട്രെയിനുകളുടെയും ഗതാഗതത്തിന് സിആർഎസ് ക്ലിയറൻസ് നിർബന്ധമാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പാലം വാണിജ്യാടിസ്ഥാനത്തിൽ തുറന്നുകൊടുക്കുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണ റെയിൽവേ. ഇതിനിടെയാണ് നിർമാണത്തിൽ പോരായ്മകളുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

റെയിൽവേ സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) നിലവാരമില്ലാത്ത കോഡുകൾ ഉപയോഗിച്ചാണ് ലിഫ്റ്റ് സ്പാൻ ഗർഡർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന വിമർശനമുണ്ട്. നിലവാരമില്ലാത്ത ഡിസൈൻ, വെൽഡിങ് പിഴവുകൾ എന്നിവയും പോരായ്മകളാണ്. ഇത് പാലത്തിൻ്റെ സമ്മർദ്ദം വഹിക്കാനുള്ള ശേഷി 36 ശതമാനം കുറയ്ക്കും.

പാലത്തിൽ നടത്തിയ സ്പീഡ് ട്രയലിൽ കുറഞ്ഞത് അര ഡസൻ പോരായ്മകളെങ്കിലും ഉണ്ടെന്നാണ് എട്ട് പേജുള്ള റിപ്പോർട്ടിൽ സിആർഎസ് വ്യക്തമാക്കുന്നത്. ലിഫ്റ്റ് ബ്രിഡ്ജിന് മുകളിലൂടെ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത പരിധിയാണ് നിർദേശിക്കുന്നത്. ട്രാക്കിൻ്റെ അലൈൻമെൻ്റിൽ വ്യത്യാസമുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. സെൻട്രൽ പൊതുമേഖലാ സ്ഥാപനമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് പാലം രൂപകൽപ്പന ചെയ്ത് നിർമിച്ചത്.

സെൻ്റർ ലിഫ്റ്റ് ഗ്രൈഡർ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ ഡിസൈനുമായി പൊരുത്തപ്പെടാത്തതുൾപ്പെടെ ആസൂത്രണത്തിലും നിർവഹണത്തിലും വിവിധ വീഴ്ചകൾ സംഭവിച്ചതായി സിആർഎസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പാസഞ്ചർ, ഗുഡ്‌സ് ട്രെയിനുകൾ മന്ദബം മുതൽ പാമ്പൻ സ്‌റ്റേഷനുകൾ വരെ പരമാവധി 75 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാമെന്ന് എ എം ചൗധരി പറഞ്ഞു. ലിഫ്റ്റ് ഗ്രൈഡറിന് മുകളിൽ 50 കിലോമീറ്റർ വേഗത നിയന്ത്രണം ഏർപ്പെടുത്തണം. തുടർന്ന് വിശദമായി പരിശോധിച്ച് വേഗത നിയന്ത്രണത്തിൽ ഇളവ് നൽകാം

അടുത്ത അഞ്ച് വർഷം എല്ലാ വർഷവും ഉദ്യോഗസ്ഥർ ലിഫ്റ്റ് സ്പാൻ ഗ്രൈഡർ പരിശോധിക്കണം. മോക്ക് ഡ്രില്ലുകൾ നിർബന്ധമായും നടത്തണമെന്ന് സിആർഎസ് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. പരിശോധനാ റിപ്പോർട്ടുകൾ കമ്മിഷനിൽ സമർപ്പിക്കണം. സ്റ്റേഷൻ മാസ്റ്റർമാർ, ഗേറ്റ്മാൻ, പോയിൻ്റ്‌സ്മാൻ എന്നിവർ പുതിയ പാലത്തിൻ്റെ പ്രവർത്തനത്തെക്കുറിച്ച് അറിവില്ലാത്തവരാണ്. ഈ ഉദ്യോഗസ്ഥരെയും പാമ്പൻ, മന്ദബൻ സ്റ്റേഷനുകളിലെയും ബ്രിഡ്ജ് കൺട്രോളിലെയും എല്ലാ ജീവനക്കാർക്കും പുതിയ പാലത്തിൻ്റെ പ്രവർത്തനം മനസ്സിലാക്കി നൽകണമെന്നും ചൗധരി കൂട്ടിച്ചേർത്തു.