വെള്ളത്തെച്ചൊല്ലി അയല്‍ക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ, വീട്ടമ്മയെയും 18 വയസ്സുകാരിയായ മകളെയും നഗ്‌നരാക്കി മര്‍ദിച്ചെന്ന് പരാതി. വ്യാഴാഴ്ച നവി മുംബൈയിലെ പന്‍വേലിലാണ് സംഭവമുണ്ടായത്.

അനാവശ്യമായി വെള്ളം നഷ്ടപ്പെടുത്തുന്നെന്ന പരാതിയെ തുടര്‍ന്ന്, പ്രതികളായ ഒരു കുടുംബത്തിലെ 8 പേര്‍ക്കെതിരെ കഴിഞ്ഞദിവസം പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പരാതി നല്‍കിയത് അമ്മയും മകളുമാണെന്ന സംശയമാണ് മര്‍ദനത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. 

എഫ്‌ഐആര്‍ പ്രകാരം, പ്രതികള്‍ സ്ത്രീയെയും മകളെയും മര്‍ദിക്കുകയും കൗമാരക്കാരിയായ മകളെ പരസ്യമായി വസ്ത്രം വലിച്ചുപറിച്ച് അപമാനിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തിനിടെ ഇരകള്‍ക്കെതിരെ ജാതിപരമായി അധിക്ഷേപങ്ങളും പ്രതികള്‍ പ്രയോഗിച്ചതായും പരാതിയുണ്ട്. 

വ്യാഴാഴ്ച പന്‍വേലില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് സെക്ഷന്‍ 74, 76, കൂടാതെ ഭാരതീയ ന്യായ് സംഹിതയിലെ മറ്റ് പ്രസക്തമായ വകുപ്പുകള്‍ പ്രകാരം എട്ട് പേര്‍ക്കെതിരെ കേസെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടത്തുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.