സിപി രാധാകൃഷ്ണനെ എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്റി ബോർഡ് യോഗത്തിലാണ് സിപി രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചതോടെ ഒഴിവുവന്ന സ്ഥാനത്തേക്കാണ് സിപി രാധാകൃഷ്ണനെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്നത്. തെക്കേ ഇന്ത്യയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സിപി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. നിലവിൽ മഹാരാഷ്ചട്ര ഗവർണറാണ് ജാർഖണ്ഡ്, തെലങ്കാന ഗവർണർ സ്ഥാനവും വഹിച്ചിട്ടുണ്ട്. 2004 മുതൽ 2007 വരെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനായിരുന്നു. കേരള ബിജെപിയുടെ പ്രഭാരി സ്ഥാനവും വഹിച്ചിട്ടുണ്ട്. കൊയമ്പത്തൂരിൽ നിന്നുള്ള ലോക്സഭാംഗം കൂടിയായിരുന്നു ഇദ്ദേഹം. രാധാകൃഷ്ണനെ പിന്തുണയ്ക്കാൻ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞത്.
തെക്കെ ഇന്ത്യയിൽ നിന്നുള്ള ഒരു ഒബിസി നേതാവിനെ ഈ സ്ഥാനത്ത് കൊണ്ടു വന്ന ബിജെപിക്ക് പല രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്. ഇന്ത്യ സഖ്യത്തിന്‍റെ വോട്ടുകളിൽ ഇതിലൂടെ വിള്ളൽ വീഴ്ത്താനാകും എന്നാണ് ബിജെപിയുടെ പ്രതീക്ഷ. സഖ്യത്തിലെ പ്രധാന കക്ഷികളിൽ ഒന്നായ ഡിഎംകെയ്ക്ക് തമിഴ്നാട്ടിൽനിന്നുള്ള വ്യക്തിയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടിവരും. 2026 തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടിയാണ് സിപി രാധാകൃഷ്ണനെ സ്ഥാനാർത്ഥിയാക്കുന്നത്. ഡിഎംകെയെ മുമ്പ് എൻഡിഎ സഖ്യത്തിൽ എത്തിച്ചതിൽ പ്രധാന പങ്ക് സിപി രാധാകൃഷ്ണനുണ്ടായിരുന്നു. എംകെ സ്റ്റാലിനുമായും നല്ല ബന്ധം സിപി രാധാകൃഷ്ണനുണ്ടായിരുന്നു.