ന്യൂയോർക്ക്:  കൊളംബിയ സർവകലാശാല പ്രസിഡൻ്റ് മിനൂഷ് ഷാഫിക്  രാജിവച്ചു. സർവകലാശാലയിൽ അണപൊട്ടിയ പലസ്തീൻ അനുകൂല പ്രതിഷേധം കൈകാര്യം ചെയ്യാനാവാത്തതിനെത്തുടർന്നാണ് രാജി. 

“ഞങ്ങളുടെ കമ്മ്യൂണിറ്റിയിലുടനീളമുള്ള വ്യത്യസ്‌ത വീക്ഷണങ്ങളെ മറികടക്കാൻ ബുദ്ധിമുട്ടുള്ള ഒരു പ്രക്ഷുബ്ധ കാലഘട്ടമാണിത്. ഈ കാലഘട്ടം ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ മറ്റുള്ളവർക്ക് എന്നപോലെ എൻ്റെ കുടുംബത്തിനും ഗണ്യമായ നഷ്ടം വരുത്തി.  കൊളംബിയയ്ക്ക് മുന്നിലുള്ള വെല്ലുവിളികളെ മറികടക്കാൻ പുതിയ ഭരണത്തിന് കഴിയുമെന്ന്  ഷാഫിക് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും അയച്ച ഇമെയിലിൽ പറഞ്ഞു. 

ഗാസയിൽ പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് അപ്പർ മാൻഹട്ടൻ കാമ്പസിൻ്റെ ചില ഭാഗങ്ങൾ പ്രതിഷേധക്കാർ പിടിച്ചടക്കിയതിനെത്തുടർന്നാണ്  ഏപ്രിൽ, മെയ് മാസങ്ങളിൽ കൊളംബിയ സമരമുഖരിതമായത്.  പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യുന്ന സർവകലാശാല നടപടി തുടർന്ന് കൊണ്ടിരിക്കെയായിരുന്നു വിദ്യാർത്ഥികളുടെ നീക്കം. 

കൊളംബിയ സർവകലാശാലയിൽ നിന്ന് പലസ്തീൻ അനുകൂല പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വിദ്യാർത്ഥികൾ ഹാമിൽട്ടൺ ഹാൾ കയ്യടക്കുകയും ഗാസയിലെ ഇരകളുടെ ബഹുമാനാർത്ഥം ‘ഹിന്ദ്സ് ഹാൾ’ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.ഇതോടെ സമരം ആർത്തിരമ്പുകയായിരുന്നു.

ബ്രിട്ടീഷ്, യു.എസ് പൗരത്വമുള്ള ഈജിപ്ഷ്യൻ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞനായ ഷഫീക്ക് മുമ്പ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ ഡെപ്യൂട്ടി ഗവർണറും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൻ്റെ പ്രസിഡൻ്റും ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിലെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായിരുന്നു. 2023 ജൂലൈയിലാണ്  അവർ കൊളംബിയ സർവകലാശാലയുടെ 20-ാമത്തെ പ്രസിഡൻ്റായി സ്ഥാനമേറ്റെടുത്തത് .

കൊളംബിയയുടെ ആരോഗ്യ, ബയോമെഡിക്കൽ സേവനങ്ങളുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റായ കത്രീന ആംസ്ട്രോങ് ഇടക്കാല പ്രസിഡൻ്റായി പ്രവർത്തിക്കുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു.