ലോകമെമ്പാടുമുള്ളവർ കുടിയേറാൻ ആഗ്രഹിക്കുന്ന സ്വപ്നഭൂമിയായ അമേരിക്കയിൽ നിന്ന് ഇപ്പോൾ സ്വന്തം പൗരന്മാർ കൂട്ടത്തോടെ പായുന്നതായി റിപ്പോർട്ട്. 1930-കളിലെ മഹാമാന്ദ്യത്തിന് (Great Depression) ശേഷം ആദ്യമായി അമേരിക്കയിലേക്ക് വരുന്നവരേക്കാൾ കൂടുതൽ ആളുകൾ രാജ്യം വിട്ടുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. വാൾ സ്ട്രീറ്റ് ജേണൽ പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്.

അമേരിക്കൻ പൗരന്മാർ തങ്ങളുടെ മാതൃരാജ്യം ഉപേക്ഷിച്ച് കൂടുതൽ സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ വിദേശ രാജ്യങ്ങളിലേക്ക് താമസം മാറുകയാണ്. കുടിയേറ്റക്കാർക്കെതിരെയുള്ള കർശന നടപടികളും വിസ നിയന്ത്രണങ്ങളും കാരണമാണ് ഈ മാറ്റമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നു. എന്നാൽ ഇതിനടിയിൽ അമേരിക്കൻ പൗരന്മാർ തന്നെ രാജ്യം വിടുന്നത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം അമേരിക്കയിൽ ‘നെഗറ്റീവ് നെറ്റ് മൈഗ്രേഷൻ’ ആണ് രേഖപ്പെടുത്തിയത്. അതായത് രാജ്യത്തേക്ക് എത്തിയവരേക്കാൾ ഏകദേശം 1,50,000 പേർ അധികമായി രാജ്യം വിട്ടുപോയി. ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂഷന്റെ കണക്കുകൾ പ്രകാരം 2025-ൽ അമേരിക്കൻ ജനസംഖ്യയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വന്തം നാട്ടിലെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും സുരക്ഷാ പ്രശ്നങ്ങളുമാണ് പൗരന്മാരെ വിദേശത്തേക്ക് ആകർഷിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും കുറഞ്ഞ ചികിത്സാ ചിലവും അമേരിക്കക്കാർക്ക് വലിയ ആശ്വാസമാകുന്നു. മെക്സിക്കോ, കാനഡ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഭൂരിഭാഗം പേരും കുടിയേറുന്നത്.

നിലവിൽ ഏകദേശം 90 ലക്ഷത്തോളം അമേരിക്കൻ പൗരന്മാർ വിദേശ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. വിദൂരത്തിരുന്ന് ജോലി ചെയ്യാനുള്ള (Remote work) സൗകര്യം വർദ്ധിച്ചതും ഈ പ്രവണതയ്ക്ക് ആക്കം കൂട്ടി. സ്വന്തം ശമ്പളം ഉപയോഗിച്ച് വിദേശ രാജ്യങ്ങളിൽ കൂടുതൽ ആഡംബരപൂർണ്ണമായ ജീവിതം നയിക്കാൻ ഇവർക്ക് സാധിക്കുന്നു.

ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾ ഒരു വശത്ത് നടക്കുമ്പോൾ മറുവശത്ത് പ്രതിഭകളുടെ കൊഴിഞ്ഞുപോക്ക് അമേരിക്കയെ ആശങ്കപ്പെടുത്തുന്നുണ്ട്. വിദ്യാർത്ഥികളും പ്രൊഫഷണലുകളും വിരമിച്ചവരും ഒരുപോലെ രാജ്യം വിടാൻ ആഗ്രഹിക്കുന്നു. അമേരിക്കൻ ഐക്യനാടുകളുടെ ഭാവിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതാണ് ഇതിന് കാരണമെന്ന് ചില നിരീക്ഷകർ വിലയിരുത്തുന്നു.

ഇന്ത്യൻ വംശജരായ അമേരിക്കൻ പൗരന്മാരും ഇത്തരത്തിൽ മറ്റ് രാജ്യങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. സ്പെയിൻ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ അമേരിക്കൻ പ്രവാസികളുടെ എണ്ണം ഇരട്ടിയായി. ഈ പ്രവണത തുടർന്നാൽ അമേരിക്കയുടെ സാമ്പത്തിക വളർച്ചയെ അത് ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.