കേരള സര്‍ക്കാരിന്റെ ക്രിസ്മസ്-നവവത്സര ബമ്പറടിച്ച ഭാഗ്യശാലി ഇരിട്ടിയില്‍ തന്നെ. സമ്മാനാര്‍ഹമായ ടിക്കറ്റുമായി സത്യന്‍ എന്നയാള്‍ ഫെഡറല്‍ ബാങ്കിന്റെ ഇരിട്ടി ശാഖയിലെത്തി. തന്റെ മേല്‍വിലാസം വെളിപ്പെടുത്തരുതെന്ന ആവശ്യവും ഇദ്ദേഹം മുന്നോട്ടുവെച്ചു.

റിസള്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ സത്യനെ തേടി ബാങ്ക് പ്രതിനിധികള്‍ അടക്കം നെട്ടോട്ടത്തിലായിരുന്നു. ഇതിനിടെയാണ് സത്യന്‍ ലോട്ടറിയുമായി ബാങ്കിലെത്തിയത്.

ഇരിട്ടി മേലേ സ്റ്റാന്റിലെ മുത്തു ലോട്ടറി ഏജന്‍സിയില്‍ നിന്ന് വിറ്റ XD 387132 നമ്പര്‍ ടിക്കറ്റിനാണ് ബമ്പറടിച്ചത്. പത്ത് ടിക്കറ്റുകളുടെ ബുക്ക് എടുക്കുന്നതാണ് സത്യന്റെ ശീലം. ലോട്ടറി വിറ്റത് സത്യനെന്ന ആള്‍ക്കാണെന്ന് നേരത്തെ ലോട്ടറി ഏജന്‍സി ഏജന്റ് വ്യക്തമാക്കിയിരുന്നു.

അതേസമയം ഒന്നാം സമ്മാനം നേടി കൊടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് ലോട്ടറി ഏജന്‍സി ഏജന്റ് അനീഷ് പറഞ്ഞു. ഇരിട്ടി ബ്രാഞ്ചില്‍ നിന്നാണ് ടിക്കറ്റ് പോയത്. ഒന്നാം സ്ഥാനം നേടി കൊടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷ എപ്പോഴുമുണ്ടായിരുന്നു. ബമ്പറിന്റെ ഒന്നാം സമ്മാനം ആദ്യമായാണെങ്കിലും രണ്ടാം സമ്മാനം നിരവധി തവണ അടിച്ചിട്ടുണ്ട്. അതിന്റെ ചാരിതാര്‍ഥ്യം എന്നുമുണ്ടായിരുന്നുവെന്നും ഏജന്‍സി ഉടമ അനീഷ് പറഞ്ഞു.