ലോകത്തിലെ ഏറ്റവും കൂടുതൽ മതസ്വാതന്ത്ര്യലംഘനം നടക്കുന്ന രാജ്യങ്ങളുടെ നിരീക്ഷണപ്പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 300-ലധികം യു. എസ്. ക്രിസ്ത്യൻ നേതാക്കൾ ഈ മാസം യു. എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് കത്ത് അയച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ – അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് ഇൻ നോർത്ത് അമേരിക്ക ആഗസ്റ്റ് ഒന്നാം തീയതി അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യൻ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ ‘അതിശയമായി’ വർധിച്ചു എന്ന് കത്തിൽ വെളിപ്പെടുത്തുന്നു. 2023-ൽ ക്രിസ്ത്യാനികൾക്കെതിരെ 1,570 ആക്രമണങ്ങൾ രേഖപ്പെടുത്തി. 2022-ൽ 1,198 ആക്രമണങ്ങൾ നടന്നതായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ – അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് ഇൻ നോർത്ത് അമേരിക്ക പറയുന്നു. കത്തിൽ ഒപ്പിട്ടവരിൽ 18 ബിഷപ്പുമാർ, മൂന്ന് ആർച്ച്ബിഷപ്പുമാർ, 167 വൈദികർ, അഞ്ച് ദൈവശാസ്ത്ര സ്കൂളുകളിൽ നിന്നുള്ള നിലവിലെ അല്ലെങ്കിൽ മുൻ പ്രസിഡന്റുമാർ, ഡീൻമാർ, 40-ലധികം ക്രിസ്ത്യൻ സംഘടനകളിൽ നിന്നുള്ള നേതാക്കൾ എന്നിവർ ഉൾപ്പെടുന്നു.
“ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും അപകടകരമായ ജനാധിപത്യരാജ്യമായി ഇന്ത്യ മാറുന്നതിനാൽ പ്രതികരിക്കാതിരിക്കാൻ ഞങ്ങൾക്കാകില്ല. ആത്യന്തികമായി വിവിധ പശ്ചാത്തലങ്ങളിൽനിന്നുള്ള നൂറുകണക്കിന് ക്രിസ്ത്യൻ നേതാക്കൾ ഇന്ത്യയിലെ പീഡിപ്പിക്കപ്പെടുന്ന സഭയ്ക്കുവേണ്ടി ശബ്ദമുയർത്തുമ്പോൾ ആ ആവശ്യം കണക്കിലെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം” – സംഘടന വ്യക്തമാക്കി.



