ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചും അമേരിക്കയുടെ ഭാവിയെക്കുറിച്ചും 2024-ല്‍ ചൈനീസ് വിദ്യാഭ്യാസ വിചക്ഷണനായ പ്രൊഫസര്‍ ഷുചിന്‍ ജിയാങ് നടത്തിയ മൂന്ന് സുപ്രധാന പ്രവചനങ്ങളില്‍ രണ്ടെണ്ണം യാഥാര്‍ത്ഥ്യമായി. ട്രംപ് വീണ്ടും അധികാരത്തിലെത്തുമെന്നും, അമേരിക്ക ഇറാനുമായി യുദ്ധത്തില്‍ ഏര്‍പ്പെടുമെന്നുമായിരുന്നു ആദ്യത്തെ രണ്ട് പ്രവചനങ്ങള്‍. ഈ രണ്ട് പ്രവചനങ്ങളും സത്യമായതോടെ സമൂഹമാധ്യമങ്ങള്‍ അദ്ദേഹത്തെ ‘ചൈനീസ് നോസ്ട്രഡാമസ്’ എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. അമേരിക്കയ്ക്ക് ഈ യുദ്ധം വലിയ ദുരന്തമായി മാറുമെന്നാണ് അദ്ദേഹത്തിന്റെ മൂന്നാമത്തെ പ്രവചനം.

തന്റെ ജനപ്രിയ യൂട്യൂബ് ചാനലായ ‘പ്രിഡിക്റ്റീവ് ഹിസ്റ്ററി’യിലൂടെ 2024-ല്‍ നടത്തിയ ഒരു ഓണ്‍ലൈന്‍ ക്ലാസിലാണ് അദ്ദേഹം ഈ പ്രവചനങ്ങള്‍ നടത്തിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അനുദിനം രൂക്ഷമാകുകയും, പശ്ചിമേഷ്യ വീണ്ടും ഒരു വലിയ സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അന്നത്തെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്നത്.

ആരാണ് ഈ ഷുചിന്‍ ജിയാങ്?

ബെയ്ജിങ്ങില്‍ ഫിലോസഫിയും ചരിത്രവും പഠിപ്പിക്കുന്ന അധ്യാപകനാണ് അദ്ദേഹം. പ്രശസ്തമായ യേല്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ഇദ്ദേഹം, ചൈനയിലെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ക്കും പാഠ്യപദ്ധതി രൂപകല്‍പ്പനയ്ക്കും വേണ്ടിയാണ് തന്റെ കരിയറിന്റെ വലിയൊരു ഭാഗം നീക്കിവെച്ചത്. ചരിത്രത്തില്‍ ആവര്‍ത്തിക്കുന്ന പാറ്റേണുകള്‍ ശാസ്ത്രീയമായി വിശകലനം ചെയ്തുകൊണ്ടാണ് അദ്ദേഹം ആഗോള സംഭവവികാസങ്ങളെക്കുറിച്ച് പ്രവചനങ്ങള്‍ നടത്തുന്നത്. ‘പ്രിഡിക്റ്റീവ് ഹിസ്റ്ററി’ എന്ന പ്രോജക്റ്റിലൂടെ സമൂഹമാധ്യമങ്ങളില്‍ വലിയൊരു ഫോളോവേഴ്‌സിനെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

2024 മെയ് മാസത്തില്‍ റെക്കോര്‍ഡ് ചെയ്ത ഒരു ക്ലാസിലാണ്, ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഭൗമരാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ അമേരിക്കയെ ഇറാനുമായുള്ള ഒരു സൈനിക ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്ന് അദ്ദേഹം പ്രവചിച്ചത്. ഈ ഏറ്റുമുട്ടല്‍ അമേരിക്കയ്ക്ക് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. പുരാതന ഏഥന്‍സിന് വലിയ ദുരന്തമായി മാറിയ സിസിലിയന്‍ അധിനിവേശത്തോടാണ് അമേരിക്കയുടെ ഇറാന്‍ ആക്രമണത്തെ പ്രൊഫസര്‍ ജിയാങ് ഉപമിച്ചത്.

അടുത്തിടെ പ്രശസ്ത വാര്‍ത്താ ഷോ ആയ ‘ബ്രേക്കിംഗ് പോയിന്റ്‌സി’ല്‍ പങ്കെടുത്ത അദ്ദേഹം, ഈ യുദ്ധത്തില്‍ അമേരിക്കയേക്കാള്‍ കൂടുതല്‍ മുന്‍തൂക്കം ഇറാനാണെന്ന് അഭിപ്രായപ്പെട്ടു. ‘യുദ്ധം പുരോഗമിക്കുന്ന രീതി വിശകലനം ചെയ്യുമ്പോള്‍ ഇറാനാണ് കൂടുതല്‍ സാധ്യതകള്‍ കാണുന്നത്. അമേരിക്കയും ഇറാനും തമ്മില്‍ നിലവില്‍ നടക്കുന്നത് ഒരു പരസ്പരം ക്ഷീണിപ്പിക്കല്‍ യുദ്ധമാണ്. കഴിഞ്ഞ 20 വര്‍ഷമായി ഇറാന്‍ ഈയൊരു സംഘര്‍ഷത്തിനായി തയ്യാറെടുക്കുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 2025 ജൂണില്‍ നടന്ന 12 ദിവസത്തെ യുദ്ധത്തില്‍ നിന്ന് അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണ ശേഷികള്‍ കൃത്യമായി മനസ്സിലാക്കാന്‍ ഇറാനായെന്നും, ഇപ്പോഴത്തെ ഈ പുതിയ ആക്രമണത്തെ നേരിടാന്‍ അവര്‍ക്ക് എട്ടുമാസത്തെ സമയം ലഭിച്ചുവെന്നും പ്രൊഫസര്‍ ജിയാങ് കൂട്ടിച്ചേര്‍ത്തു.