ബീജിംഗ്: പാകിസ്താൻ വ്യോമസേനയ്ക്ക് ചൈന വാഗ്ദാനം ചെയ്തിരുന്ന അത്യാധുനിക അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ ജെ-35 (J-35) വിതരണം ചെയ്യുന്നത് നീളാൻ സാധ്യത. നിലവിലെ ചൈന-ഇന്ത്യ-പാകിസ്താൻ തന്ത്രപരമായ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഈ വിമാനങ്ങളുടെ കൈമാറ്റം 2032-ന് ശേഷമേ ഉണ്ടാകൂ എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിമാനങ്ങൾ ഉടനെ നൽകില്ലെന്ന് ചൈന ഔദ്യോഗികമായി പാകിസ്താനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. നേരത്തെ, 2026-ഓടെ പാകിസ്താൻ ഈ വിമാനങ്ങൾ സ്വന്തമാക്കുമെന്നും ഇത് ദക്ഷിണേഷ്യയിലെ വ്യോമശക്തിയുടെ സന്തുലിതാവസ്ഥ മാറ്റുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമായ നീക്കമാണ് ഇപ്പോൾ ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. 2032-ന് മുമ്പ് ഇവ പാകിസ്താന് നൽകാൻ ചൈനയ്ക്ക് താല്പര്യമില്ലെന്നാണ് സൂചന.
പാകിസ്താനും ചൈനയും തമ്മിലുള്ള ബന്ധത്തെ ഇരുരാജ്യങ്ങളും വൈകാരികവും ശക്തവുമായ പദാവലികൾ ഉപയോഗിച്ചാണ് വിശേഷിപ്പിക്കാറുള്ളത്. ഏത് പ്രതിസന്ധി ഘട്ടത്തിലും, അന്താരാഷ്ട്ര സാഹചര്യങ്ങൾ എങ്ങനെ മാറിയാലും തങ്ങൾ പരസ്പരം കൂടെയുണ്ടാകും എന്നൊക്കെ ഇരുരാജ്യങ്ങളും പറയാറുണ്ട്. മലയേക്കാൾ ഉയരമുള്ളത്, കടലിനേക്കാൾ ആഴമുള്ളത് എന്നാണ് ചൈന- പാകിസ്താൻ സൗഹൃദത്തെ ഇവർ വിശേഷിപ്പിക്കുന്നത്. മാത്രമല്ല, തകർക്കാൻ കഴിയാത്തത്ര ഉറപ്പുള്ള ബന്ധമാണ് തങ്ങളുടേതെന്നു വിശേഷിപ്പിക്കാൻ പരസ്പരം അയൺ ബ്രദേഴ്സ് എന്നുപോലും ഇരുവരും വിശേഷിപ്പിക്കാറുണ്ട്. ഇത്രയും അടുത്ത സുഹൃത്തായിട്ടും പാകിസ്താന് ആധുനിക യുദ്ധവിമാനം നൽകുന്നതിന് ചൈന സമയപരിധി നീട്ടിയത് ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുന്നതും കണക്കിലെടുത്താണെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ കരുത്ത് വർദ്ധിക്കുന്നതും ചൈനീസ് വ്യോമസേനയുടെ (PLAAF) ആവശ്യങ്ങൾക്കും മുൻഗണന നൽകുന്നതിനാലാണ് ഈ മാറ്റം. സ്വന്തം സേനയിൽ ഈ വിമാനങ്ങൾ പൂർണ്ണമായി വിന്യസിച്ചതിന് ശേഷം മാത്രമേ കയറ്റുമതിയെക്കുറിച്ച് ചൈന ആലോചിക്കുന്നുള്ളു. മാത്രമല്ല, ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമായ എഎംസിഎ പദ്ധതിയുടെ പുരോഗതി ചൈന നിരീക്ഷിക്കുന്നുണ്ട്. മേഖലയിലെ സൈനിക സന്തുലിതാവസ്ഥയിൽ പെട്ടെന്നൊരു മാറ്റം വരുത്താൻ ചൈന ഇപ്പോൾ ആഗ്രഹിക്കുന്നില്ല. അതിർത്തിയിലെ തർക്കങ്ങളും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിലെ സങ്കീർണ്ണതകളും നിലനിൽക്കുന്ന സാഹചര്യത്തിൽ, പാകിസ്താന് പെട്ടെന്ന് അത്യാധുനിക ആയുധങ്ങൾ നൽകുന്നത് ഇന്ത്യയെ കൂടുതൽ പ്രകോപിപ്പിച്ചേക്കാമെന്നും ചൈന വിലയിരുത്തുന്നുണ്ട്. തങ്ങളുടെ അത്യാധുനിക സാങ്കേതികവിദ്യകൾ ആദ്യം സ്വന്തം സേനയെ ശക്തിപ്പെടുത്താൻ ഉപയോഗിക്കാനാണ് ചൈന താല്പര്യപ്പെടുന്നത്.
ദക്ഷിണേഷ്യയിൽ പെട്ടെന്ന് ഒരു ആയുധമത്സരം തുടങ്ങിവെക്കാൻ ചൈന മടിക്കുന്നുണ്ടാകാമെന്നും വിലയിരുത്തലുണ്ട്. പാകിസ്താന് ജെ-35 നൽകുന്നത് ഇന്ത്യയുടെ ഭാഗത്തുനിന്ന് വലിയ തോതിലുള്ള പ്രതിരോധ സജ്ജീകരണങ്ങൾക്ക് കാരണമാകുമെന്ന് ചൈന വിലയിരുത്തുന്നു. പാകിസ്താന് ജെ-35 ലഭിക്കുന്നത് വൈകുന്നത് ഇന്ത്യയ്ക്ക് ആശ്വാസകരമാണ്. ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന എഎംസിഎ പദ്ധതിയുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ, പാകിസ്താന്റെ സ്റ്റെൽത്ത് വിമാന മോഹങ്ങൾ വൈകുന്നത് വ്യോമമേഖലയിൽ ഇന്ത്യയുടെ ആധിപത്യം നിലനിർത്താൻ സഹായിക്കും.



