അഹമ്മദാബാദ്: 1947ലെ വിഭജനത്തിന് മുസ്‍ലീങ്ങളെ കുറ്റപ്പെടുത്തരുതെന്നും കോൺഗ്രസാണ് ഇതിന് ഉത്തരവാദികളെന്നും അഖിലേന്ത്യാ മജ് ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം) മേധാവിയും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി പറഞ്ഞു. ഗുജറാത്തിലെ ലിംബായത്തിൽ  പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മൗലാന അബുൽ കലാം ആസാദിന്റെ ‘ഇന്ത്യ വിൻസ് ഫ്രീഡം’ എന്ന പുസ്തകത്തെ ഉദ്ധരിച്ചാണ് ഇക്കാര്യം പറഞ്ഞത്.

വിഭജനത്തിന് മുസ്‍ലീങ്ങൾ ഉത്തരവാദികളല്ല. വിഭജനത്തിന് ഉത്തരവാദികൾ കോൺഗ്രസ് ആണ്. ഗാന്ധിയെയും നെഹ്‌റുവിനെയും സമീപിച്ച് ഇന്ത്യയെ വിഭജിക്കാൻ അനുവദിക്കരുതെന്ന് ‘ഇന്ത്യ വിൻസ് ഫ്രീഡം’ എന്ന പുസ്തകത്തിൽ മൗലാന ആസാദ് അവരോട് അഭ്യർഥിച്ചതായി എഴുതിയിട്ടു​ണ്ടെന്നും ഉവൈസി പറഞ്ഞു. 

പശ്ചിമ ബംഗാളിൽ ബി.ജെ.പിയുടെ ‘ബി ടീം’ ആണ് എ.ഐ.എം.ഐ.എമ്മെന്ന കോൺഗ്രസിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും വാദത്തെ അദ്ദേഹം തള്ളി. 11 സീറ്റുകളിൽ മത്സരിക്കാനുള്ള തന്റെ പാർട്ടിയുടെ തീരുമാനത്തെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. ഞങ്ങൾ മത്സരിക്കുമ്പോൾ ബി.ജെ.പിക്ക് നേട്ടമുണ്ടാകുമെന്നാണ് ചിലർ പറയുന്നത്. പശ്ചിമ ബംഗാളിൽ കോൺഗ്രസ് 294 സീറ്റുകളിൽ മത്സരിക്കുന്നു.

ടി.എം.സിയും ഇത്ര സീറ്റിലുണ്ട്. ഇടതുമുന്നണി 250 സീറ്റുകളിലും രംഗത്തുണ്ട്. ഉവൈസിയുടെ പാർട്ടി 11 സീറ്റുകളിലും ബി.ജെ.പി 294 സീറ്റുകളിലും മത്സരിക്കുന്നു. 11 എണ്ണം മറന്ന് 270 സീറ്റുകൾ നേടി ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ഇവർ ചെയ്യേണ്ടതെന്നും ഉവൈസി പറഞ്ഞു. 

ഭരണഘടനയുടെ പരിധിക്കുള്ളിൽനിന്ന് ബി.ജെ.പിയെ തടയാൻ എ.ഐ.എം.ഐ.എമ്മിന് മാത്രമേ സാധിക്കുകയൊള്ളുവെന്നും അദേഹം വ്യക്തമാക്കി.