ദുബായ്: യുഎഇയിൽ ഈ ആഴ്ച കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭംവിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില കുറയുന്നതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഒമാൻ കടലിലും അറേബ്യൻ ഗൾഫ് തീരങ്ങളിലും ബുധനാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് അറിയിപ്പ്.

കൂടാതെ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വീശുന്ന ശക്തമായ കാറ്റ് കടൽ പ്രക്ഷുബ്ധമാക്കാൻ കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതിനാൽ ഒമാൻ കടലിൽ തിരമാലകൾ ആറടി വരെ ഉയർന്നേക്കാമെന്നും തീരദേശ പ്രദേശങ്ങളിൽ പോകുന്നവർ ശ്രദ്ധിക്കണമെന്നും വ്യക്തമാക്കി.

അവധി ദിവസങ്ങൾ ആയതിനാൽ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും അധികൃതർ നൽകുന്ന നിർദേശങ്ങൾ പ്രവാസികൾ പാലിക്കണമെന്നും അറിയിച്ചു. ഡിസംബർ 31 ബുധനാഴ്ച പുലർച്ചെ വരെ കടലിൽ നീന്തുന്നതിനോ, ഡൈവിംഗിനോ, മറ്റ് വിനോദങ്ങളിലോ ഏർപ്പെടുന്നത് ഒഴിവാക്കണമെന്ന് എൻസിഎം നിർദേശം നൽകി.

കൂടാതെ മത്സ്യത്തൊഴിലാളികളും കപ്പൽ ജീവനക്കാരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും അധികൃതർ വ്യതമാക്കി. തീരപ്രദേശങ്ങളിൽ മാത്രമല്ല രാജ്യത്തെ പ്രധാന നഗരങ്ങളിലും കാലാവസ്ഥാ മാറ്റം പ്രകടമാണ്. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാകും.

യുഎഇയിലെ മിക്ക പ്രദേശങ്ങളിലും ആകാശം ഭാഗികമായി മൂടിക്കെട്ടിയ നിലയിലാണ്. അതിനാൽ ദിവസം മുഴുവൻ ഇടയ്ക്കിടെ നേരിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. കൂടാതെ പൊടി നിറഞ്ഞ അന്തരീക്ഷം നിലനിൽക്കാൻ സാധ്യതയുള്ളതിനാൽ ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണമെന്നും അറിയിച്ചു.

അതേസമയം കാറ്റ് ശക്തമാകുന്നതോടെ തുറസ്സായ സ്ഥലങ്ങളിൽ പൊടിയും മണലും ഉയരാൻ സാധ്യതയുണ്ട്. അത് കണക്കിലെടുത്ത് കൊണ്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അറിയിച്ചു. ഇത് റോഡുകളിലെ ദൃശ്യപരതയെ കാര്യമായി ബാധിച്ചേക്കാമെന്നും ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.