ദുരന്തമുഖത്തെ എയർലിഫ്റ്റിംഗ് സേവത്തിന് ചെലവായ തുക കേരളം തിരിച്ചടക്കണമെന്ന് കേന്ദ്ര സർക്കാർ. പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റ് സേവനത്തിനുള്ള തുക ആവശ്യപ്പെട്ടാണ് സംസ്ഥാനത്തിന് കത്ത് ലിച്ചത്. 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിനാണ് കേന്ദ്രം തുക ആവശ്യപ്പെടുന്നത്. എത്രയും പെട്ടെന്ന് തുക അടക്കണമെന്ന് ആവശ്യപ്പെട്ട് എയര്‍ വൈസ് മാര്‍ഷലാണ് ചീഫ് സെക്രട്ടറിക്ക്  കത്ത് നൽകിയത്.  ഒക്ടോബര്‍ 22നാണ് കത്ത് ലഭിച്ചത്. അന്നത്തെ ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ അഭിസംബോധന ചെയ്താണ് എയര്‍വൈസ് മാര്‍ഷല്‍ വിക്രം ഗൗര്‍ കത്ത് അയച്ചിരിക്കുന്നത്.

രാജ്യത്തെ നടുക്കിയ വയനാട് ദുരന്തത്തിൽ നിസ്സഹായരായ മനുഷ്യരെ വിവിധ ഘട്ടങ്ങളിലായി സൈന്യം ദുരന്ത ഭൂമിയിൽ നിന്ന് പുറത്തെത്തിച്ചു. ആദ്യ ദിനത്തില്‍ മാത്രം 8,91,23,500 രൂപ ചെലവായെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലായി വയനാട്ടില്‍ നടത്തിയ സേവനത്തിന് 69,65,46,417 രൂപയാണെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.