കർദിനാൾ ജോർജ് കൂവക്കാട് വത്തിക്കാനിലെ മതാന്തരസംഭാഷണ ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റായി നിയമിക്കപ്പെട്ടു. ജനുവരി മാസം ഇരുപത്തിനാലാം തീയതിയാണ്, ഫ്രാൻസിസ് പാപ്പാ, ഈ പുതിയ നിയോഗത്തിനു കർദിനാളിനെ ചുമതലപ്പെടുത്തിയത്. അതേസമയം, പാപ്പയുടെ വിദേശയാത്രകൾ സംഘടിപ്പിക്കുന്ന തന്റെ  ഉത്തരവാദിത്വങ്ങളും അദ്ദേഹം തുടരും. വൈദികനായിരിക്കെ, ഫ്രാൻസിസ് പാപ്പാ കർദിനാൾ പദവിയിലേക്ക് ഉയർത്തിയ ഇന്ത്യാക്കാരനായ കർദിനാളാണ് ജോർജ് കൂവക്കാട്.

പരിശുദ്ധ പിതാവിന്റെ മാർഗനിർദേശത്തിലും, തനിക്കു മുമ്പുള്ളവർ അഗാധമായ ജ്ഞാനത്തോടെ ഇതിനകം കണ്ടെത്തിയ മതസൗഹാർദ്ദ പാതയിലും ആശ്രയിച്ചുകൊണ്ട്, എല്ലാവരുടെയും പ്രാർത്ഥനകളുടെ പിന്തുണയോടെ താൻ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നു കർദിനാൾ പ്രതികരിച്ചു. തന്റെ അപര്യാപ്തതകൾക്കിടയിലും, മതങ്ങൾക്കിടയിലുള്ള ഒരു സൗഹൃദം സ്വപ്നം കാണുന്ന, ജനതകൾക്കിടയിൽ സമാധാനത്തോടെയുള്ള സഹവർത്തിത്വം ആഗ്രഹിക്കുന്ന ആളുകളുടെ പ്രാർത്ഥനകളും, ഡിക്കസ്റ്ററിയിൽ  തന്റെ സഹപ്രവർത്തകരുടെ സഹകരണവും തന്നെ ശക്തിപ്പെടുത്തുന്നുവെന്നും കർദിനാൾ പങ്കുവച്ചു.

എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ഐക്യം ഉറപ്പാക്കുകയും ചെയ്യുന്ന ഒരു ബഹുസാംസ്കാരികവും ബഹുമതപരവുമായ സമൂഹത്തിലാണ് താൻ ജനിച്ചത്, അതിനാൽ മതാന്തര സംവാദങ്ങൾ ഇന്ത്യൻ ആത്മീയതയുടെ ഭാഗമാണെന്നും കർദിനാൾ തന്റെ ജീവിതം അടിവരയിട്ടുകൊണ്ട് പറഞ്ഞു. അതിനാൽ മതിലുകളല്ല, പാലങ്ങളാണ് ക്രിസ്ത്യാനികൾ പണിയേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതാന്തര സംഭാഷണം കേവലം മതങ്ങൾ തമ്മിലുള്ള സംഭാഷണമല്ല, മറിച്ച് ദൈവവിശ്വാസത്തിന്റെ സൗന്ദര്യത്തിനു സാക്ഷ്യം വഹിക്കുന്നതാണെന്നും കർദിനാൾ ചൂണ്ടിക്കാണിച്ചു. ഇസ്ലാം മത വിശ്വാസികളുമായുള്ള സംഭാഷണത്തിനും ഏറെ ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പരിശുദ്ധ പിതാവുമായി നടത്തിയ വിദേശ യാത്രകൾ, പ്രത്യേകിച്ചും മറ്റു മതങ്ങൾ ഭൂരിപഷം വരുന്ന രാജ്യങ്ങളിൽ, താൻ അനുഭവിച്ച മതസൗഹാർദ്ദ കൂട്ടായ്മകളും, സംഭാഷണങ്ങളും തന്റെ ഈ പുതിയ ദൗത്യനിർവഹണത്തിനു ഏറെ സഹായകരമാകുമെന്നും കർദിനാൾ പങ്കുവച്ചു. ഇറാഖിലേക്കുള്ള ചരിത്രപരമായ സന്ദർശന വേളയിൽ നജാഫിലെ ഗ്രാൻഡ് ആയത്തുല്ല സയ്യിദ് അലി അൽ-സിസ്താനിയുമായി പരിശുദ്ധ പിതാവ് നടത്തിയ സംഭാഷണത്തിന്റെ പ്രാധാന്യം തന്റെ ജീവിതത്തിൽ ഏറെ പ്രചോദനമായെന്നതും കർദിനാൾ കൂവക്കാട് പറഞ്ഞു.