ഇന്ത്യക്കാരെ ‘മര്യാദ പഠിപ്പിക്കാനി’റങ്ങിയ കനേഡിയൻ യുവാവിന്റെ വീഡിയോ വൈറൽ. ഇന്ത്യയിൽ പ്രവാസജീവിതം നയിക്കുന്ന കാലെബ് ഫ്രീസെൻ എന്ന യുവാവാണ് വീഡിയോ പങ്കുവെച്ചത്. ഇതിനകം യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. മര്യാദക്കാരാകുന്നത് വലിയ പണിയല്ല എന്നും ലളിതമായ ചില കാര്യങ്ങളിലൂടെ അത് സാധ്യമാക്കാമെന്നുമാണ് യുവാവ് പറയുന്നത്.
ഇന്ത്യയിൽ മര്യാദയെന്നത് വളരെ ക്ഷാമമുള്ള ഒന്നാണ് (പ്രത്യേകിച്ച് അപരിചിതർക്കിടയിൽ). ‘പൊളൈറ്റ് ക്ലബ്ബി’ൽ ചേരാൻ നിങ്ങൾക്ക് താത്പര്യമുണ്ടോ എന്ന് പറയൂ.’ -ഇതാണ് ഫ്രീസെൻ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കൊപ്പം കുറിച്ചത്.
‘ഇന്ത്യക്കാരേ, കുറച്ചൂടെ മര്യാദയുള്ളവരാകൂ’ എന്ന് പറഞ്ഞുകൊണ്ടാണ് ഫ്രീസെന്റെ സെൽഫി വീഡിയോ തുടങ്ങുന്നത്. ‘അത് ഞാൻ നിങ്ങൾക്ക് എളുപ്പമുള്ളതാക്കിത്തരാം. ഒരു ദിവസം ചെയ്യാനുള്ള അഞ്ച് കാര്യങ്ങൾ ഇതാ. ഈ വെല്ലുവിളി വിജയകരമായി പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ, നമ്മൾ ഇതിനെ ‘#പൊളൈറ്റ് ഇന്ത്യ ചലഞ്ച്’ എന്നുവിളിക്കും.’ -യുവാവ് പറഞ്ഞു.
ഇതിന് ശേഷം ഫ്രീസെൻ ഇന്ത്യക്കാർ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ അക്കമിട്ട് പറഞ്ഞു.
- ആളുകളോട് നന്ദി (Thank you) പറയുക. അതിന്റെ ആവശ്യമില്ല എങ്കിൽ പോലും.
- ആളുകളോട് ‘ദയവായി’ (Please) എന്ന് പറയുക. അതിന്റെ ആവശ്യമില്ല എങ്കിൽ പോലും.
- ആളുകൾക്ക് ടിപ്പ് നൽകുക. അതിന്റെ ആവശ്യമില്ല എങ്കിൽ പോലും.
- പുറകിൽ വരുന്നവർക്കായി വാതിൽ തുറന്നുപിടിച്ചുകൊടുക്കുക.
- ഒരാളുടെ സംസാരത്തെ തടസ്സപ്പെടുത്താതിരിക്കുക.
ഇത്രയും കാര്യങ്ങളാണ് ഒരുദിവസം ചെയ്യാൻ ഫ്രീസെൻ ഇന്ത്യക്കാരെ വെല്ലുവിളിച്ചിരിക്കുന്നത്. ഇത് ചെയ്തുകഴിഞ്ഞ് വിവരം തന്നെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാലെബ് ഫ്രീസന്റെ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയെന്നാൽ ഇന്ത്യക്കാരാണ് എന്നാണ് ഒരാൾ കമന്റിട്ടത്. നന്ദി, ദയവായി എന്നീ വാക്കുകൾ പറയുകയോ വാതിൽ തുറന്ന് പിടിച്ച് നൽകുകയോ ചെയ്യരുത്. കാൽനടയാത്രക്കാരന് റോഡ് മുറിച്ചുകടക്കാനായി വണ്ടി നിർത്തിക്കൊടുത്താൽ അയാൾ നിങ്ങളെ തുറിച്ച് നോക്കും. അതൊരു സ്ത്രീയാണെങ്കിൽ നിങ്ങളൊരു വഷളനുമാകും. -കമന്റ് ചെയ്തയാൾ പറഞ്ഞു.
ഈ കാര്യങ്ങളോട് തത്വത്തിൽ യോജിക്കുന്നുവെന്നാണ് മറ്റൊരാൾ പറഞ്ഞത്. എന്നാൽ മര്യാദയുണ്ടായിരിക്കുക എന്നതിനേക്കാൾ ക്ഷമയുള്ളവരാകുകയാണ് വേണ്ടത്. ഇന്ത്യക്കാർക്ക് ക്ഷമയുണ്ടായാൽ പൊളൈറ്റ് ചലഞ്ചിൽ പറഞ്ഞ കാര്യങ്ങൾ സ്വാഭാവികമായി സംഭവിക്കും. ഇതിന് ധാരാളം ഉദാഹരണങ്ങൾ പറയാൻ കഴിയും. ഒരെണ്ണം പറയാം. ക്ഷമയോടെ വാഹനമോടിച്ചാൽ മണ്ടത്തരങ്ങൾ ഒഴിവാക്കാൻ കഴിയും. മറ്റുള്ളവർക്ക് വഴി നൽകുക, കാൽനടയാത്രക്കാർ പോകുന്നത് വരെ കാത്തുനിൽക്കുക, ഹോൺ അടിക്കാതിരിക്കുക, മറ്റുള്ളവരുടെ സ്ഥലം അപഹരിച്ച് വാഹനമോടിക്കാതിരിക്കുക എന്നീ കാര്യങ്ങൾ ക്ഷമയുണ്ടെങ്കിൽ ചെയ്യാം. -കമന്റിട്ടയാൾ പറഞ്ഞു.