ഇലോൺ മസ്‌കിന്റെ കനേഡിയൻ പൗരത്വം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് കാനഡയിൽ നിന്നുള്ള 150,000ത്തിലധികം പേർ പാർലമെന്ററി നിവേദനത്തിൽ ഒപ്പുവെച്ചു. തന്റെ രണ്ടാം യു.എസ് പ്രസിഡന്റ് സ്ഥാനം വടക്കുള്ള സ്വതന്ത്ര അയൽരാജ്യത്തെ കീഴടക്കി 51-ാമത്തെ സംസ്ഥാനമാക്കി മാറ്റുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തുന്ന ഡൊണാൾഡ് ട്രംപുമായുള്ള ടെക്ക് ശതകോടീശ്വരന്റെ സഖ്യമാണ് ഇൗ നീക്കത്തിന് നിദാനം.

ബ്രിട്ടീഷ്-കൊളംബിയ എഴുത്തുകരനായ ക്വാലിയ റീഡ് ആണ് കാനഡയിലെ ഹൗസ് ഓഫ് കോമൺസിൽ നിവേദനത്തിന് തുടക്കം കുറിച്ചത്. ന്യൂ ഡെമോക്രാറ്റ് പാർലമെന്ററി അംഗവും മസ്‌കിന്റെ വിമർശകനുമായ ചാർലി ആംഗസ് നിവേദനത്തെ പിന്തുണച്ചു.

ദക്ഷിണാഫ്രിക്കയിൽ ജനിച്ച്, ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല, എയ്‌റോസ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ/എക്‌സ് എന്നിവയുൾപ്പെടെയുള്ള യു.എസ് കമ്പനികളെ നയിക്കുന്ന മസ്കിന് കനഡയിലെ സസ്‌കാച്ചെവാനിന്റെ തലസ്ഥാനമായ റജിന സ്വദേശിയായ അമ്മ വഴി കനേഡിയൻ പൗരത്വം ഉണ്ട്. ജനുവരി 20ന് രണ്ടാം പ്രസിഡന്റ് ടേമിനായി വൈറ്റ് ഹൗസിലേക്ക് മടങ്ങിയതിനുശേഷം കാനഡയുടെ പരമാധികാരത്തെ നിരന്തരം വെല്ലുവിളിച്ച യു.എസ് പ്രസിഡന്റിന്റെ നിർദേശപ്രകാരം കാനഡയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ശ്രമത്തിലാണ് മസ്ക്.

ഫെബ്രുവരി 20ന് സമർപ്പിച്ച റീഡിന്റെ നിവേദനത്തിൽ ട്രംപിന്റെ ഉപദേശകനായി പ്രവർത്തിച്ചുകൊണ്ട് കാനഡയുടെ ദേശീയ താൽപ്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ മസ്ക് ഏർപ്പെട്ടതായി ആരോപിക്കുന്നു. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് കുത്തനെയുള്ള താരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയും യു.എസിലേക്ക് കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ച് പരസ്യമായി വീമ്പിളക്കിക്കൊണ്ടും ട്രംപ് കാനഡയിലെ 40 ദശലക്ഷം നിവാസികളുടെ രോഷമേറ്റു വാങ്ങിയിരുന്നു.

കനേഡിയൻ പരമാധികാരം തുടച്ചുനീക്കാൻ ശ്രമിക്കുന്ന ഒരു വിദേശ ഗവൺമെന്റിന്റെ അംഗമായി മസ്‌കി​നെ ഹരജിയിൽ വിശേഷിപ്പിക്കുന്നു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മസ്‌കിന്റെ കനേഡിയൻ പാസ്‌പോർട്ട് എടുത്തുകളയണമെന്നും പൗരത്വം റദ്ദാക്കൽ ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.