പാശ്ചാത്യരാജ്യങ്ങളാണ് ഹാലോവീൻ ആഘോഷിക്കുന്നത്. വളരെ വിചിത്രവും ഭയപ്പെടുത്തുന്നതുമായ വേഷം ധരിച്ചാണ് അന്ന് ആളുകൾ മിക്കവാറും പുറത്തിറങ്ങുക. മാത്രമല്ല, കുട്ടികൾക്കൊക്കെ വലിയ ആഘോഷമാണ് ഹാലോവീൻ. ഓരോ വീട്ടിലും പോയി ‘ട്രിക്ക് ഓർ ട്രീറ്റ്’ ആവശ്യപ്പെടുക എന്നത് അവരുടെ അവകാശം പോലുമാണ്. 

എന്തായാലും വിദേശരാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാരും ചിലരൊക്കെ ഇന്ന് ഈ ആഘോഷത്തിന്റെ ഭാ​ഗമായി മാറാറുണ്ട്. കാനഡയിൽ നിന്നുള്ള അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഈ വീട് ഇന്ത്യക്കാരുടേതാണോ അതോ ഇന്ത്യൻ സിനിമ ഈ വീട്ടിലുള്ളവരെ ആകർഷിച്ചതാണോ എന്ന് അറിയില്ല.

കാനഡയിലെ ബ്രാംപ്‌ടണിലുള്ള ഒരു വീട്ടിൽ നിന്നുള്ള ഈ വീഡിയോ വൈറലാവാൻ കാരണം അതിന് പുറത്ത് വച്ചിരിക്കുന്ന രൂപവും ‘O Stree Kal Aana’ എന്ന വാക്കുകളും തന്നെയാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ സാധാരണ ഹാലോവീൻ ദിനങ്ങളിൽ അലങ്കരിക്കുന്നത് പോലെ അലങ്കരിച്ചിരിക്കുന്ന ഒരു വീട് കാണാം. ‘ഹാലോവീൻ ഇൻ ബ്രാംപ്ടണിൽ ബി ലൈക്ക്’ എന്ന വാചകത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. 

‘സ്ത്രീ’ എന്ന ബോളിവുഡ് സൂപ്പർഹിറ്റിൽ നിന്നും പ്രചോദനം കൊണ്ടുള്ളതാണ് വീടിന് മുന്നിൽ വച്ചിരിക്കുന്ന രൂപം. സാരി ധരിച്ച ഒരു പാവയുടെ രൂപമാണത്. ‘O Stree Kal Aana’ എന്നത് ‘സ്ത്രീ’ എന്ന ഹൊറർ കോമഡി ചിത്രത്തിൽ ആളുകൾ പ്രേതത്തിൽ നിന്നും രക്ഷപ്പെടാനായി വീടിന് മുന്നിൽ എഴുതിവയ്ക്കുന്ന വാക്കുകളാണ്.