ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ മദ്യനയം നടപ്പാക്കിയതിലൂടെ പൊതുഖജനാവിന് മൊത്തത്തില്‍ 2,002 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കിയതായി കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (സിഎജി) റിപ്പോര്‍ട്ട്. മുഖ്യമന്ത്രി രേഖ ഗുപ്ത ഡല്‍ഹി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. സറണ്ടര്‍ ചെയ്ത ലൈസന്‍സുകള്‍ വീണ്ടും ടെന്‍ഡര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ഡല്‍ഹി സര്‍ക്കാരിന് ഏകദേശം 890 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായി സിഎജി റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ലൈസന്‍സുകള്‍ അനുവദിക്കുന്നതിലും ക്രമക്കേടുകളുണ്ടെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനെ എഎപി എംഎല്‍എമാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് നിയമസഭയില്‍ വലിയ ബഹളമുണ്ടായി. പ്രതിപക്ഷ നേതാവ് അതിഷി അടക്കം 15 എഎപി എംഎല്‍എമാരെ ഇന്നത്തേക്ക് സഭയില്‍ നിന്ന് സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു.
2021-22 ലെ മദ്യനയ കുംഭകോണം എഎപിയുടെ ജനപിന്തുണ നഷ്ടപ്പെടുത്തുകയും അധികാരത്തില്‍ നിന്ന് പുറത്താവുകയും ചെയ്തതിന് മുഖ്യ പങ്കു വഹിച്ച വിവാദമാണ്. വന്‍ സാമ്പത്തിക ക്രമക്കേടുകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. പാര്‍ട്ടി മേധാവിയും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എംപി സഞ്ജയ് സിംഗ്, മുന്‍ ഡെല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയിന് എന്നിവരുള്‍പ്പെടെ എഎപിയുടെ മുന്‍നിര നേതാക്കള്‍ കേസില്‍ അറസ്റ്റിലായിരുന്നു. നിയമസഭാ സമ്മേളനത്തില്‍ എഎപി സര്‍ക്കാരിന്റെ ക്രമക്കേടുകള്‍ സംബന്ധിച്ച 14 സിഎജി റിപ്പോര്‍ട്ടുകള്‍ മേശപ്പുറത്ത് വെക്കുമെന്ന് ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.



