സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതും വാങ്ങാന്‍ ശ്രമിക്കുന്നതും ഒരുപോലെ കുറ്റകരമാണെന്ന് സുപ്രീം കോടതി. അഴിമതി നിരോധന നിയമ പ്രകാരം ഒരു ഉദ്യോഗസ്ഥന്‍ തന്റെ പദവി ദുരുപയോഗം ചെയ്യുന്നതും മറ്റ് ജീവനക്കാരില്‍ സ്വാധീനം ചെലുത്തുന്നതും ശിക്ഷാര്‍ഹമാണെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കൈക്കൂലി കേസില്‍ കുറ്റവാളിയാകാന്‍ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തിപരമായിത്തന്നെ പണം കൈപ്പറ്റണമെന്നില്ല. നേരിട്ടോ, കീഴുദ്യോഗസ്ഥര്‍ മുഖേനയോ, മറ്റേതെങ്കിലും വഴിയിലൂടെയോ സ്വാധീനം ചെലുത്തി ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
കര്‍ണ്ണാടക ബെല്ലാരി ജില്ലയിലെ സിരുകുപ്പ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ കെ. രംഗയ്യക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക ലോകായുക്ത സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഉദ്യോഗസ്ഥന്‍ നേരിട്ട് കൈക്കൂലി ആവശ്യപ്പെടുകയോ പണം സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി 2024 ജനുവരിയിലാണ് ഹൈക്കോടതി രംഗയ്യക്കെതിരായ കേസ് റദ്ദാക്കിയത്. ഇതിനെതിരെയാണ് ലോകായുക്ത സുപ്രീം കോടതിയെ സമീപിച്ചത്.
സി.ആര്‍.പി.സി സെക്ഷന്‍ 482 പ്രകാരമുള്ള തങ്ങളുടെ അധികാരപരിധി ഹൈക്കോടതി ലംഘിച്ചതായി സുപ്രിംകോടതി നിരീക്ഷിച്ചു. കേസിന്റെ പ്രാരംഭ ഘട്ടത്തില്‍ത്തന്നെ തെളിവുകള്‍ വിശദമായി പരിശോധിച്ച് ‘മിനി ട്രയല്‍’ നടത്താന്‍ ഹൈക്കോടതിക്ക് അധികാരമില്ല. പരാതിക്കാരനോട് ആ പൊലീസുകാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ അല്ലെങ്കില്‍ അവരെ സന്തോഷിപ്പിക്കാന്‍ രംഗയ്യ ആവശ്യപ്പെട്ടിരുന്നു. ഇത് കൈക്കൂലിക്ക് വേണ്ടിയുള്ള പരോക്ഷമായ ആവശ്യമാണെന്ന് കോടതി വിലയിരുത്തി. ഇതിന് പിന്നാലെയാണ് കീഴുദ്യോഗസ്ഥന്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
ഉദ്യോഗസ്ഥന്‍ നേരിട്ട് പണം വാങ്ങിയില്ല എന്ന കാരണത്താല്‍ കേസ് ഒഴിവാക്കിയാല്‍, അത് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കീഴുദ്യോഗസ്ഥരെ വെച്ച് കൈക്കൂലി വാങ്ങാനും നിയമത്തില്‍ നിന്ന് രക്ഷപ്പെടാനും വലിയൊരു വിടവ് ഉണ്ടാക്കിക്കൊടുക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് പൂര്‍ണമായും റദ്ദാക്കിയ സുപ്രീം കോടതി, രംഗയ്യക്കെതിരായ എഫ്.ഐ.ആര്‍ പുനസ്ഥാപിച്ചു. കേസില്‍ വിചാരണ നടപടികളുമായി മുന്നോട്ടുപോകാന്‍ വിചാരണ കോടതിക്ക് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.



