കുട്ടികളുടെ സംരക്ഷണ കാര്യത്തിൽ മതം നിർണായക ഘടകമല്ലെന്ന് വ്യക്തമാക്കി ബോംബെ ഹൈക്കോടതി. സ്വാഭാവിക രക്ഷിതാവ് എന്ന നിലയിൽ കുട്ടിയുടെ സംരക്ഷണാവകാശം മുസ്‍ലിം നിയമപ്രകാരം തനിക്ക് നൽകണമെന്ന കുട്ടിയുടെ പിതാവിന്റെ വാദം നിരാകരിച്ചു കൊണ്ടാണ് ഹൈകോടതി വിധി പറഞ്ഞത്. ഡൽഹിയിൽ അമ്മയോടൊപ്പം താമസിക്കുന്ന മൂന്ന് വയസ്സുള്ള മകളുടെ സംരക്ഷണം നൽകണമെന്ന മുസ്‍ലിം മതവിഭാഗത്തിൽപെട്ട പിതാവിന്റെ ഹേബിയസ് കോർപസ് ഹർജി തള്ളിക്കൊണ്ടാണ് ജ. സാരംഗ് കോട്‌വാളും ജ. എസ്.എം മോദകും അങ്ങുന്ന ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. ഇസ്‍ലാമിക നിയമപ്രകാരം, കുട്ടിയുടെ സ്വാഭാവിക രക്ഷിതാവ് പിതാവാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മതം പരിഗണനകളിൽ ഒന്ന് മാത്രമാണ്. പക്ഷേ അത് നിർണായകമായ ഒരു ഘടകമല്ല. തങ്ങളുടെ അഭിപ്രായത്തിൽ മൂന്ന് വയസ്സുള്ള ഒരു പെൺകുട്ടിക്ക് അമ്മയുടെ സംരക്ഷണയിലാകുന്നത് ക്ഷേമത്തിനായിരിക്കും’ കോടതി പറഞ്ഞു. മുംബൈയിൽ താമസിക്കുന്ന ഹരജിക്കാരൻ അമേരിക്കൻ പൗരത്വമുള്ള ഭാര്യ മകളെ മുംബൈയിൽ നിന്ന് രഹസ്യമായി ഡൽഹിയിൽ കൂട്ടിക്കൊണ്ടുപോയെന്ന് വാദിച്ചു.
അസാധാരണമായ സാഹചര്യങ്ങൾ അല്ലെങ്കിൽ, അമ്മയുടെ സംരക്ഷണം കുട്ടിക്ക് ഗുണകരമാവുമെന്ന് കോടതി പറഞ്ഞു. പിതാവിന് ഉചിതമായ നിയമപരമായ പരിഹാരങ്ങൾ തേടാൻചകുട്ടിയെ ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോകുന്നത് തടയുന്ന ഇടക്കാല ഉത്തരവ് 60 ദിവസത്തേക്ക് കൂടി കോടതി നീട്ടി. മുതിർന്ന അഭിഭാഷകരായ ആബാദ് പോണ്ട, ഫസ ഷ്റോഫ്, ഡി.വി ദിയോക്കർ, സച്ചിൻ പാണ്ഡെ, മുസ്തഫ ഷ്റോഫ് എന്നിവർ പിതാവിന് വേണ്ടി ഹാജരായി. മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെ, തൗബൺ ഇറാനി, ഡാനിഷ് അഫ്താബ് ചൗധരി, ശ്രേയസ് ചതുർവേദി എന്നിവരാണ് മാതാവിനു വേണ്ടി ഹാജരായത്.