കാപ്പ കേസില്‍ പിടിയിലായ തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സിലര്‍ സുഗതനെ ഇന്ന് ജയിലിലേക്ക് മാറ്റും. ഇന്നലെ രാത്രി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം സുഗതനെ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വട്ടിയൂര്‍ക്കാവ് സ്റ്റേഷനില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മാറ്റിയത്.
സുഗതന്റെ അനുയായികള്‍ വളഞ്ഞതോടെ ആകാശത്തേക്ക് വെടിവച്ചാണ് വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയും സംഘവും പ്രതിയെ പിടികൂടിയത്. സംഘര്‍ഷത്തില്‍ എസ്എച്ച്ഒ വിപിനും എസ് ഐ അഭിജിത്തിനും പരുക്കുണ്ട്.
അതേസമയം, തന്നെയും കുടുംബത്തെയും പോലീസ് ആക്രമിച്ചു എന്നാണ് സുഗതന്റെ ആരോപണം. വീട്ടില്‍ കയറി തന്നെയും മക്കളെയും മര്‍ദ്ദിച്ചു എന്നും അസഭ്യം പറഞ്ഞുവെന്നും സുഗതന്റെ ഭാര്യയും ആരോപിക്കുന്നു. എന്റെ 14 വയസും എട്ടുവയസുമുള്ള മക്കളുടെ മുന്നില്‍ വച്ച് തള്ളിക്കയറി വന്ന് ഉപദ്രവിക്കുകയായിരുന്നു. താലിമാല വലിച്ച് പൊട്ടിച്ചുകൊണ്ടുപോയി. തിരികെ തന്നിട്ടില്ല. മുഖത്തടിച്ചു. മുതുകില്‍ ചവിട്ടി. വനിതാ പൊലീസ് പോലും ഇല്ലാതെയാണ് വീട്ടില്‍ അതിക്രമിച്ച് കയറിയത്. അശ്വതി പറഞ്ഞു.
ഒളിവിലിരിക്കേയാണ് പൊലീസ് സുഗതനെ പിടികൂടിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു.
ഹൈക്കോടതിയില്‍ നേരത്തെ മുന്‍കൂര്‍ ജാമ്യ അപേക്ഷ നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയതോടെയാണ് പൊലീസ് പിടികൂടിയത്. ബലപ്രയോഗത്തിലൂടെയാണ് സുഗതനെ അറസ്റ്റ് ചെയ്തു നീക്കിയത്. ഉത്സവ പറമ്പില്‍ പ്രശ്നമുണ്ടാക്കി ഒരാളെ വധിക്കാന്‍ ശ്രമിച്ചെന്നതാണ് സുഗതനെതിരായ കേസ്. ഏഴാം തീയതിക്കകം സുഗതനെ അറസ്റ്റ് ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു. ഒളിവില്‍ കഴിഞ്ഞ സുഗതന് വാഴോട്ടുകോണത്ത് എത്തിയെന്നറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തി പ്രതി പിടികൂടിയത്. ഇതിനിടെയാണ് പൊലീസിനെ ആക്രമിക്കാനായി അനുയായികള്‍ എത്തിയത്. തുടര്‍ന്ന് ഇവരില്‍ നിന്ന് രക്ഷ നേടാനാണ് എസ്എച്ച്ഒ ആകാശത്തേക്ക് വെടിവെച്ചത്.



