കണ്ണൂർ രൂപതയുടെ സഹായമെത്രാനായി മോൺസിഞ്ഞോർ ഡോ. ഡെന്നിസ് കുറുപ്പശ്ശേരിയെ ഫ്രാൻസിസ് പാപ്പ 2024 ആഗസ്റ്റ് 15-നു നിയമിച്ചു. നിയമനവാർത്ത വത്തിക്കാനിലും തൽസമയം ഉച്ചകഴിഞ്ഞ് 3.30-ന് കണ്ണൂർ രൂപത ആസ്ഥാനമന്ദിരത്തിലും അറിയിച്ചു. ‘രൂപതയ്ക്കു ദൈവം കരുതലോടെ തന്ന രജതജൂബിലി സമ്മാനമാണ് നിയമനം’ – പാപ്പയുടെ രേഖ വായിച്ചു കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല വിശദീകരിച്ചു. അന്തർദേശിയതലത്തിൽ വിവിധ രാജ്യങ്ങളിലെ പ്രവർത്തനപരിചയം കണ്ണൂരിന്റെ വളർച്ചയ്ക്ക് അനുഗ്രഹമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വത്തിക്കാന്റെ, മാൾട്ടയിലെ നയതന്ത്രകാര്യാലയത്തിൽ പേപ്പൽ പ്രതിനിധിയുടെ ഫസ്റ്റ് അസിസ്റ്റന്റ് ആയി സേവനം ചെയ്തുവരവെയാണ് കണ്ണൂരിലെ സഹായമെത്രാനായി ഡോ. ഡെന്നിസിന്റെ നിയമനം.

കൊടുങ്ങല്ലൂർ കോട്ടപ്പുറം രൂപതയിലെ പുരാതനമായ പള്ളിപ്പുറം മഞ്ഞുമാതാ ഇടവകയിൽ 1967 ആഗസ്റ്റ് നാലിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. പരേതനായ കുറുപ്പശ്ശേരി സ്റ്റാൻലിയുടെയും ഷേർളിയുടെയും ഏഴു മക്കളിൽ നാലാമനാണ് ഡോ.ഡെന്നിസ്. ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ദൈവശാസ്ത്രത്തിലും കേരള യൂണിവേഴ്‌സിറ്റിയിൽനിന്ന് തത്വശാസ്ത്രത്തിലും ബിരുദവും റോമിലെ ഉർബൻ യൂണിവേർസിറ്റിയിൽനിന്ന് കാനൻ നിയമത്തിൽ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

1991 ഡിസംബർ 23-നാണ് കോട്ടപ്പുറം രൂപതയ്ക്കുവേണ്ടി പുരോഹിതനായി അഭിഷിക്തനായത്. തുടർന്ന്, തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് ഇടവകയിൽ സഹവികാരിയായും കടവാൽതുരുത്ത് വിശുദ്ധ കുരിശിന്റെ ഇടവക, പുല്ലുറ്റ് സെന്റ് ആന്റണീസ് എന്നിവിടങ്ങളിൽ പ്രീസ്റ്റ് ഇൻ ചാർജ് ആയും വികാരിയായും 1997 വരെ സേവനമനുഷ്ഠിച്ചു.

കോട്ടപ്പുറം രൂപത മുഖപത്രം ദിദിമുസിന്റെ പത്രാധിപരും കേരള കത്തോലിക് സ്റ്റുഡന്റസ് ലീഗ് രൂപതാ ഡയറക്‌ടറുമായിരുന്ന ഡോ. ഡെന്നിസ് കുറുപ്പശ്ശേരി, 2001 മുതലാണ് വത്തിക്കാന്റെ നയതന്ത്രവിഭാഗത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. ആഫ്രിക്കയിലെ ബുറുണ്ടിയിലായിരുന്നു ആദ്യനിയമനം. പിന്നീട്, ഈജിപ്റ്റ്, തായ്‌ലൻഡ്, ചെക്ക് റിപ്പബ്ലിക്, അഫ്രിക്കയിലെ ഗാബോൺ എന്നീ നയതന്ത്രകാര്യാലയങ്ങളിൽ പ്രവർത്തിച്ചു. 2017 മുതൽ അമേരിക്കയിലെ വത്തിക്കാൻ എംബസിയിൽ പേപ്പൽ നുൺഷിയോ കഴിഞ്ഞാൽ കൂടുതൽ ഉത്തരവാദിത്വമുള്ള ഫസ്റ്റ് അസിസ്റ്റന്റ് ആയിരുന്നു മോൺ. ഡെന്നിസ്. 2021 മുതലാണ് മാൾട്ടായിലെ ദൗത്യം ലഭിച്ചത്.

പുതിയ സഹായമെത്രാന്റെ മെത്രാഭിഷേക ചടങ്ങുകളുടെ തീയതിയും വിശദാംശങ്ങളും രൂപതാ ആലോചനസമിതിയും രൂപത വൈദികസമിതി, കണ്ണൂർ പാസ്റ്ററൽ കൗൺസിൽ എന്നിവകൂടി തീരുമാനമെടുക്കുന്നതായിരിക്കും.