ഭോപ്പാൽ: പ്രമുഖ ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ രഹസ്യമായി പ്രവേശനം വാഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയതായി ആരോപണം. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഭോപ്പാലിലെ പ്രമുഖ ചർമ്മരോഗ വിദഗ്ദ്ധനും പോയ്സൺ സ്കിൻ ക്ലിനിക്കിന്റെ ഉടമയുമായ ഡോ. അഭിനിത് ഗുപ്തയാണ് തട്ടിപ്പിനിരയായത്.
കരൺ സിംഗ് എന്നൊരാളാണ് തന്നെ സമീപിച്ചതെന്ന് ഡോക്ടർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. 2022ലാണ് സംഭവം. ഇവന്റ് ഡയറക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തിയ കരൺ സിംഗ്, തനിക്ക് ടെലിവിഷൻ നിർമ്മാണ മേഖലയിൽ വലിയ സ്വാധീനമുണ്ടെന്നും ബിഗ് ബോസിൽ ഡോക്ടർക്ക് രഹസ്യമായി പ്രവേശനം ശരിയാക്കി നൽകാമെന്നും വിശ്വസിപ്പിച്ചു.
കരൺ സിംഗിന്റെ വാക്കുകൾ വിശ്വസിച്ച അഭിനിത് 10 ലക്ഷം രൂപ കൈമാറി. എന്നാൽ ബിഗ് ബോസിന്റെ ഔദ്യോഗിക മത്സരാർത്ഥികളുടെ പട്ടിക പുറത്തുവന്നപ്പോൾ തന്റെ പേരില്ലെന്ന് കണ്ടതോടെ ഡോക്ടർക്ക് സംശയം തോന്നി. തുടർന്ന് കരണിനെ സമീപിച്ചപ്പോൾ, രഹസ്യമായുള്ള പ്രവേശനത്തിന് ഇനിയും സമയമെടുക്കുമെന്ന് പറഞ്ഞ് ഡോക്ടറെ സമാധാനിപ്പിച്ചു. എന്നാൽ ഇത് നടക്കാതെ വന്നതോടെ ഡോക്ടർ പണം തിരികെ ആവശ്യപ്പെട്ടു.
തുടർന്ന് കരൺ സിംഗ് ഡോക്ടറുടെ കോളുകൾ ഒഴിവാക്കാൻ തുടങ്ങി. പിന്നീട് ഫോൺ പൂർണമായും സ്വിച്ച് ഓഫ് ചെയ്തതോടെയാണ് ഡോ. അഭിനിത് ഗുപ്ത പൊലീസിൽ പരാതി നൽകിയത്. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ചുനാഭട്ടി പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമം 420-ാം വകുപ്പ് പ്രകാരം (വഞ്ചന) എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.