വാഷിംഗ്ടണ്‍: ഗാസ യുദ്ധം ഉടന്‍ അവസാനിപ്പിക്കുക, ബന്ദികളുടെ മോചനം ഉറപ്പാക്കുക, ഗാസയില്‍ സഹായം എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ വെടിനിര്‍ത്തലിനു വേണ്ടി ഊര്‍ജിത നീക്കവുമായി അമേരിക്ക. പ്രസിഡന്റ് ജോ ബൈഡന് നേരിട്ടാണ് ഇക്കാര്യത്തില്‍ ഇടപെടുന്നതെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.
ഇരുപക്ഷത്തിനും സ്വീകാര്യമായ ഒരു വെടിനിര്‍ത്തല്‍ ഫോര്‍മുല രൂപപ്പെട്ടതായാണ് അമേരിക്ക നല്കുന്ന വിവരം. എന്നാല്‍ ഇതിന്റ വിശദാംശങ്ങള്‍ വ്യക്തമല്ല. ഫിലാഡെല്‍ഫിയ ഇടനാഴിയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങിയാല്‍ കരാര്‍ യാഥാര്‍ഥ്യമാകും എന്ന സൂചനയാണ് അമേരിക്ക നല്‍കുന്നത്.
ആറ് ബന്ദികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇസ്രായേലില്‍ ആഞ്ഞടിച്ച പ്രതിഷധവും രാജ്യവ്യാപക പണിമുടക്കും അടിയന്തര വെടിനിര്‍ത്തലിന് പ്രേരിപ്പിക്കുന്നതായും വൈറ്റ്ഹൗസ് പ്രതികരിച്ചു. മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്റ്റും ഖത്തറുമായി അമേരിക്കന്‍ നേതൃത്വം തിരക്കിട്ട ആശയവിനിമയം തുടരുകയാണ്.