മരട് (എറണാകുളം): പെൺകുട്ടിയെ ലക്ഷ്യസ്ഥാനത്ത് ഇറക്കാതെ ഓട്ടോ ഡ്രൈവരുടെ പരാക്രമം .ഇറങ്ങേണ്ട സ്ഥലമെത്തിയിട്ടും ലഹരിയിലായ ഓട്ടോ ഡ്രൈവർ വണ്ടി നിർത്തിയില്ല. യാത്രക്കാരിയായ പെൺകുട്ടി പരിഭ്രാന്തയായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മരട് പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച സന്ധ്യക്ക് തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നിന്ന് പൂണിത്തുറ ഗാന്ധിസ്ക്വയർ ഭാഗത്തേക്ക് ഡാൻസ് ക്ലാസിലേക്ക് പോകുവാനാണ് പെൺകുട്ടി മെട്രോ ഫീഡർ നടത്തുന്ന ഓട്ടോയിൽ കയറിയത്. പെൺകുട്ടി പറഞ്ഞ വഴിയിലൂടെ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടും ഇറക്കാതെ തൊട്ടടുത്തുള്ള വീടിന്റെ പറമ്പിലേക്ക് ഓട്ടോറിക്ഷ ഓടിച്ചുകയറ്റി. പരിഭ്രാന്തയായ പെൺകുട്ടി ഓട്ടോയിൽ നിന്നും ചാടിയിറങ്ങി ഓടി ക്ലാസിലെത്തി ഡാൻസ് മാഷിനോട് കാര്യം അവതരിപ്പിച്ചു. ബഹളം കേട്ട് ഓട്ടോ ഓടിച്ചുകേറ്റിയ സ്ഥലത്തെ വീട്ടുകാരും ഓടിയെത്തി.

കാര്യം തിരക്കിയപ്പോൾ ഓട്ടോഡ്രൈവർ വീട്ടുകാരെ അസഭ്യം വിളിച്ച് ബഹളം വയ്ക്കുവാൻ തുടങ്ങി. ഈസമയം ഒരു വിവാഹസത്കാരത്തിൽ പങ്കെടുത്തു മടങ്ങിവന്ന ഗൃഹനാഥന്റെ കൂടെ ഉണ്ടായിരുന്ന ഇയാളുടെ അനിയനും ബന്ധുക്കളും ഓടിവന്ന് ഒട്ടോ തള്ളി റോഡിൽ കൊണ്ടുവന്നതോടുകൂടി നാട്ടുകാരും അതുവഴി പോയ യാത്രക്കാരും കൂടി. ഓട്ടോ ഡ്രൈവറുടെ പ്രകടനം കണ്ടപ്പോൾ നാട്ടുകാർ മരട് പോലീസിൽ വിവരം അറിയിച്ചു.

എസ്ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ സംഘം കൊടുങ്ങല്ലൂർ സ്വദേശിയായ മെട്രോ ഫീഡർ ഓട്ടോ ഡ്രൈവർ മനോജിനെ കസ്റ്റഡിയിലെടുത്തു. സംഭവം സിഎംആർഎല്ലിനെ അറിയിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് മരട് പോലീസ് സ്റ്റേഷനിൽ നിന്ന് ഉറപ്പുലഭിച്ചശേഷമാണ് നാട്ടുകാർ പിരിഞ്ഞുപോയത്. കസ്റ്റഡിലെടുത്ത ഡ്രൈവരെ പീന്നിട് ആൾജാമ്യത്തിൽ വിട്ടയച്ചു